ഗോള്‍ഫ് ക്ലബിലെ കരാറുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍
നെടുമ്പാശ്ശേരി:സിയാല്‍ ഗോള്‍ഫ് ക്ലബിലെ കരാറുകാരന് ഇരുമ്പ് കമ്പിക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ നെടുമ്പാശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച്ച രാത്രി 11 മണിയോടെയാണ് ഒറീസ ബാലശോര് റാസല്പ്പൂര് സ്വദേശി ശങ്കര്‍ പത്രയുടെ മകന് അശോക് പത്ര (36) കമ്പി വടിക്ക് അടിയേറ്റ് മരിച്ചത്.ഇയാളുടെ കീഴില്‍ തൊഴിലാളിയായിരുന്ന പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ഖാര്‍ഗ്രാം സ്വദേശി ദേനുദാസ് ബദന്ദാസ് (33) ആണ് പിടിയിലായത്.
ശമ്പളം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇരുവരും തമ്മിലുണ്ടായ അടിപിടിക്കിടയിലാണ് അശോക് പത്രയെ കമ്പി വടിക്ക് ആക്രമിച്ചതെന്ന് പിടിയിലായ തൊഴിലാളി പൊലിസിനോട് പറഞ്ഞു.കഴിഞ്ഞ 16 വര്‍ഷമായി സംസ്ഥാനത്ത് താമസിച്ചുവരികയായിരുന്നു അശോക് പത്ര. സിയാല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ക്ലീനിംഗ് ജോലികള്‍ക്ക് ആളെ എത്തിക്കുന്ന കരാരായിരുന്നു ഇയാള്‍ ഏറ്റെടുത്തിരുന്നത്. ഒരു വര്‍ഷം മുമ്പാണ് ദേനുദാസിനെ ജോലിക്കായി അശോക് നെടുമ്പാശ്ശേരിയിലെത്തിച്ചത്.ഇയാളെ മറ്റ് ക്ലീനിംഗ് തൊഴിലാളികള്‍ക്കൊപ്പം കപ്രശേരി റോഡില്‍ മൂഴിയാല്‍ ഭാഗത്ത് വാടക വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.
ഈ വീട്ടില്‍ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് ഇരുവരും ശമ്പളത്തെ ചൊല്ലി തര്‍ക്കം തുടങ്ങിയത്.ദേനുദാസിന് രണ്ട് മാസത്തെ ശമ്പളം ലഭിക്കാനുണ്ട്. അടുത്ത ദിവസം നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള ദേനുദാസ് ഇന്നലെ ശമ്പളം നല്‍കണമെന്ന് അശോകിനോട് ആവശ്യപ്പെട്ടു.
നാട്ടിലേക്ക് പൊയ്ക്കൊള്ളാനും അടുത്ത ദിവസം ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാമെന്നും അശോക് പറഞ്ഞെങ്കിലും ദേനുദാസ് വഴങ്ങിയില്ല.ഇതെതുടര്‍ന്നാണ് ഇവര്‍ തമ്മില്‍ വഴക്ക് ആരംഭിച്ചത്.ഇതിനിടെ ദേനുദാസ് സമീപം കിടന്ന കമ്പിവടിയെടുത്ത് അശോകിന്റെ തലയില്‍ അടിക്കുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മറ്റ് എഴ് തൊഴിലാളികളും മദ്യലഹരിയിലായിരുന്നു.ഇതോടെ മറ്റ് തൊഴിലാളികള്‍ നാട്ടിലേക്ക് കടക്കാന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും പോലീസ് എത്തി എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.സാക്ഷികളായ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
അന്വേഷണം അവസാനിക്കുന്നത് വരെ ഇവരോട് കേരളം വിട്ട് പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.നെടുമ്പാശേരി സി.ഐ പി.എം. ബൈജു, എസ്.ഐ സോണി മത്തായി എന്നിവരുടെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.അറസ്റ്റിലായ ദേനുദാസ് ബദന്ദാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."