ബോധവല്‍ക്കരണവുമായി കുടുംബശ്രീയുടെ തെരുവുനാടകം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി കുടുംബശ്രീയുടെ തെരുവുനാടകത്തിനു ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദിവാസി മേഖലകളിലാണു കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീ തെരുവുനാടകങ്ങള്‍ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളില്‍ അവബോധം നല്‍കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്പ്) ഭാഗമായാണു തെരുവുനാടകങ്ങള്‍ അവതരിപ്പിക്കുന്നത്. ജില്ലയില്‍ വിതുര, അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളിലാണു തെരുവുനാടകം അവതരിപ്പിക്കുന്നത്. ഇന്നലെ രാവിലെ വിതുര പഞ്ചായത്തിലെ മണലി സെറ്റില്‍മെന്റില്‍ നടന്ന ആദ്യ അവതരണം കാണാന്‍ നിരവധി പേര്‍ എത്തി. ഉച്ചയ്ക്കു ശേഷം മൊട്ടമൂട്, പേപ്പാറ എന്നിവിടങ്ങളിലും നാടകാവതരണം നടന്നു. അവതരണത്തിനു ശേഷം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റും ഉപയോഗിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇന്നു രാവിലെ പത്തിന് അമ്പൂരി പഞ്ചായത്തിലെ കാരിക്കുഴി, ഉച്ചയ്ക്ക് രണ്ടിനു പുരവിമല, വൈകിട്ട് നാലിനു കള്ളിക്കാട് പഞ്ചായത്തിലെ വ്‌ളാവട്ടി എന്നിവിടങ്ങളിലും തെരുവുനാടകം അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."