തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജില്ലാ ഭരണകൂടം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായി ഹരിതച്ചട്ടം പാലിച്ച് നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും ഹരിതച്ചട്ടം പാലിക്കണമെന്നു ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണം ഹരിതച്ചട്ടത്തിനുള്ളില്‍നിന്ന് നടത്താനുള്ള നിര്‍ദേശങ്ങള്‍ രാഷ്ട്രീയകക്ഷികളും പൊതുജനങ്ങളും പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന ബാനറുകളും ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. കോട്ടണ്‍ തുണിയില്‍ പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍, കോട്ടണ്‍ തുണിയും പേപ്പറും ഉള്‍പ്പെടുന്ന മീഡിയം ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ബോര്‍ഡുകള്‍ തുടങ്ങിയവ ഇതിനു പകരമായി ഉപയോഗിക്കാം. സ്ഥാനാര്‍ഥികള്‍ പര്യടനസമയത്ത് പ്ലാസ്റ്റിക് കുപ്പിവെള്ളം ഒഴിവാക്കാന്‍ ശ്രമിക്കണം. പര്യടന വാഹനങ്ങള്‍ അലങ്കരിക്കുന്നതിനു പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്കും തെര്‍മോകോളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒഴിവാക്കി തുണിയും പേപ്പറും ഉള്‍പ്പെടെയുള്ള പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ അലങ്കരിക്കാം. സ്ഥാനാര്‍ഥികളെ സ്വീകരിക്കാന്‍ ഇടുന്ന ഹാരങ്ങളിലും പ്ലാസ്റ്റിക് വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണം. പ്രചാരണവേളയില്‍ പ്രവര്‍ത്തകര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സന്ദര്‍ഭത്തില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പാഴ്‌സലുകള്‍, പേപ്പര്‍, പ്ലാസ്റ്റിക്, തെര്‍മോകോള്‍ എന്നിവയില്‍ നിര്‍മിതമായ ഡിസ്‌പോസിബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഒഴിവാക്കി പകരം സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍, ചില്ല് ഗ്ലാസുകള്‍ എന്നിവ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാം. ആര്‍ച്ചുകളില്‍ കോട്ടണ്‍ തുണിയില്‍ എഴുതിയ ബാനറുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. തെരഞ്ഞെടുപ്പിനു ശേഷം പ്രചാരണത്തിനുപയോഗിച്ച കൊടികളും തോരണങ്ങളും സ്ഥാപിച്ചവര്‍തന്നെ ശേഖരിച്ചു തരംതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറണം. അവര്‍ അതു പുനഃചംക്രമണത്തിനു ലഭ്യമാക്കണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന വോട്ടേഴ്‌സ് സ്ലിപ്പ് പോലും ശേഖരിച്ച് കൈമാറി പുതിയ മാതൃക സൃഷ്ടിക്കാനാകും.
ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിനായി ജില്ലാതലം മുതല്‍ തദ്ദേശ സ്ഥാപനതലം വരെ ഫെസിലിറ്റേഷന്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു ഹരിതകേരളം മിഷനെയും ശുചിത്വ മിഷനെയും ചുമതലപ്പെടുത്തി. ഹരിതച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9188120321 (ഹരിത കേരളം മിഷന്‍), 9495330575 (ശുചിത്വ മിഷന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."