സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികള്‍ക്കു തുടക്കം
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിപുലീകരിച്ച ഓഫിസ് കെട്ടിടം, അന്തേവാസികള്‍ക്കുള്ള പുതിയ ബ്ലോക്ക്, കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്, നവീകരിച്ച ജയില്‍ അടുക്കള എന്നിവയുടെ ഉദ്ഘാടനവും ഫ്രീഡം കഫ്റ്റീരിയ, യോഗാ ഹാള്‍ കം ഓഡിറ്റോറിയം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവുമാം ജയില്‍ അങ്കണത്തില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. മേയര്‍ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജയില്‍ വകുപ്പ് മേധാവി ആര്‍. ശ്രീലേഖ, ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ്, ജയില്‍ ഉപദേശക സമിതി അംഗം പി. ജയരാജന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.കെ വിനോദന്‍, കെ. വിനോദന്‍, പി.ടി. സന്തോഷ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍.എസ് നിര്‍മലാനന്ദന്‍ സംസാരിച്ചു.
ചീമേനി തുറന്ന ജയില്‍ അന്തേവാസികള്‍ക്കു ഹ്രസ്വചിത്ര നിര്‍മാണത്തില്‍ പരിശീലനം നല്‍കിയ ചലച്ചിത്ര പ്രവര്‍ത്തകനും സംവിധായകനുമായ ചിദംബരം പളനിയപ്പനും തടവുകാരെ ചെണ്ടവാദ്യം അഭ്യസിപ്പിച്ച രാധാകൃഷ്ണന്‍ മാരാര്‍ക്കും മുഖ്യമന്ത്രി ഉപഹാരങ്ങള്‍ നല്‍കി. അന്തേവാസികള്‍ക്കുള്ള ബ്ലോക്കില്‍ 80 തടവുകാരെ വീതം താമസിപ്പിക്കാന്‍ കഴിയുന്ന രണ്ടു നിലകളാണുള്ളത്. കിടക്കാനുള്ള കട്ടില്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."