മാക്കൂട്ടം ചുരം താല്‍ക്കാലിക അറ്റകുറ്റപ്പണി പൂര്‍ത്തിയായി
ഇരിട്ടി: മാക്കൂട്ടം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ തകര്‍ന്ന ചുരത്തിലെ പാലങ്ങളും റോഡുകളും അറ്റകുറ്റപ്പണി നടത്തി ചെറുവാഹനങ്ങളെ ഭാഗികമായി കടത്തിവിടാന്‍ തീരുമാനം. കര്‍ണാടക പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതതല നിര്‍ദേശം വന്നാലുടന്‍ ഗതാഗതത്തിനായി അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗതാനുമതി നല്‍കുന്നതിനു മുന്നോടിയായി റോഡിന്റെ സുരക്ഷ വിലയിരുത്താന്‍ നാളെ കുടക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
റോഡ് തകര്‍ന്ന ഭാഗങ്ങളില്‍ മണല്‍ചാക്കുകള്‍ നിറച്ചും മലവെള്ളപാച്ചിലില്‍ ഒഴുകി വന്ന വന്‍മരങ്ങള്‍ ഉപയോഗിച്ചുമാണ് ഗതാഗതത്തിനുള്ള താല്‍ക്കാലിക സംവിധാനം നിലവില്‍ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെയുള്ള യാത്ര സുരക്ഷിതമാണോയെന്ന് ഉന്നതതല സംഘം നാളെ പരിശോധിക്കും.
ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഭാരം കുറയ്ക്കുന്നതിന് ബസുകളില്‍ നിന്ന് യാത്രക്കാരെ ഇറക്കിയ ശേഷം അപകട ഭാഗത്തുകൂടി കടന്നുപോകാനുള്ള സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കുന്നത്.
ചരക്കു ലോറികള്‍ക്കുള്ള നിരോധനം നീക്കാന്‍ മാസങ്ങളെടുക്കും. തകര്‍ന്ന ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഭിത്തികള്‍ സ്ഥാപിക്കാനുള്ള നടപടികളും ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."