സാക്കിര്‍ നായിക് സംഭവം: കാവിമാധ്യമങ്ങളുടെ ഇസ്‌ലാംഭീതിയാണ് പിന്നില്‍
കഴിഞ്ഞ ജൂണ്‍ 24ന് ധാക്കയില്‍ 20 പേരുടെ മരണത്തിനു കാരണമായ ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ രണ്ടുപേര്‍ ഡോ. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാല്‍ പ്രചോദിതരായിരുന്നുവെന്നതാണ് ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടാ കിണഞ്ഞുശ്രമിക്കുന്നത്. ബംഗ്ലാദേശ് ഭരണാധികാരികളും ധാക്ക കേന്ദ്രമായി പുറത്തിറങ്ങുന്ന ഡെയ്‌ലി സ്റ്റാര്‍ എന്ന പത്രവും ഇതിനു സാക്കിര്‍ നായിക്കുമായുള്ള ബന്ധം പരസ്യമായി നിഷേധിച്ചിരിക്കെയാണ് ഇന്ത്യയിലെ ചില പത്രങ്ങളുടെ ധാര്‍ഷ്ട്യം നിറഞ്ഞ ഈ ആരോപണം.
ജനങ്ങളിലേയ്ക്കു സത്യം പകര്‍ന്നുകൊടുക്കുക എന്നതിലപ്പുറം ഇസ്‌ലാമിന്റെ ഇമേജിനെ കളങ്കപ്പെടുത്താനും തങ്ങളുടെ മതപരിവര്‍ത്തനപദ്ധതികള്‍ക്കു മുന്നില്‍ ഏറ്റവുംവലിയ തടസ്സമായിനിന്ന സാക്കിര്‍ നായിക്കിനെ തകര്‍ക്കാനുമാണു കാവി സ്വാധീനമുള്ള ഈ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നു വ്യക്തം.
ഏതു മതസംവാദപരിപാടികളിലും ശ്രോതാക്കള്‍ക്കു മതസംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാനുള്ള ചോദ്യോത്തര സെഷനുകള്‍ സാക്കിര്‍ നായിക് സംഘടിപ്പിക്കാറുണ്ട്. ഇതുവഴി സത്യം ബോധ്യപ്പെട്ടു പലരും വിശുദ്ധമതത്തിലേയ്ക്കു കടന്നുവരാറുമുണ്ട്. സ്വയംതാല്‍പര്യമെടുത്തുള്ള മതംമാറ്റങ്ങള്‍ പരസ്യമായി സംപ്രക്ഷേണം ചെയ്യപ്പെടുന്നത് ഇസ്‌ലാമിന്റെ ശത്രുക്കളെ ചെറുതായൊന്നുമല്ല ചൊടിപ്പിക്കുന്നത്.
സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സാധാരണക്കാരെമാത്രമല്ല സ്വാധീനിക്കുന്നത്. ബുദ്ധിജീവികള്‍, എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും പോലുള്ള പ്രൊഫഷണലുകള്‍, മറ്റു മതസ്ഥരായ പ്രഭാഷകര്‍ തുടങ്ങി പലരെയും അത് ആവേശംകൊള്ളിക്കുകയും സത്യമതത്തിലേയ്ക്കു പ്രവേശിപ്പിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വലിയ മതപണ്ഡിതനെന്ന വലയത്തില്‍പ്പെടാതെത്തന്നെ സാക്കിര്‍ നായിക്കിന് ഇതെല്ലാം സാധിക്കുന്നു.
മതതാരതമ്യപഠനമേഖലയിലെ അതികായന്മാരിലൊരാളാണു ഡോ. സാക്കിര്‍ നായിക്. പല പ്രമുഖ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളുമായും ആര്‍ട് ഓഫ് ലിവിങ് ആചാര്യനായ ശ്രീ ശ്രീ രവിശങ്കറിനെപ്പോലുള്ള ഹിന്ദു ആചാര്യന്മാരുമായും അദ്ദേഹം മതസംവാദം നടത്തിയിട്ടുണ്ട്. വിവിധമതങ്ങള്‍ തമ്മിലുള്ള സാമ്യവും അടുപ്പവും തിരിച്ചറിയുന്നതില്‍ പലരും പരാജയപ്പെടുന്നതിനെക്കുറിച്ചാണ് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നത്.
എല്ലാ മതങ്ങളും ഏകദൈവത്തിലേയ്ക്കു വാതില്‍ തുറക്കുന്നതായിരുന്നുവെന്നും കാലാന്തരത്തില്‍ തെറ്റിദ്ധാരണ വഴി അതില്‍നിന്നു മാറുകയാണുണ്ടായതെന്നുമാണ് അദ്ദേഹം പ്രസംഗങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ഒരു പ്രസംഗം പോലും മാനവികതയ്ക്ക് എതിരായോ മറ്റുള്ളവര്‍ക്കെതിരെ വെറുപ്പുപ്രചരിപ്പിക്കുന്നതായോ ഉണ്ടായിരുന്നില്ല.
മതസംവാദവേദികളില്‍ ഭീകരവാദത്തെക്കുറിച്ചുള്ള ചോദ്യമുയരുമ്പോള്‍ അതിനെ പിന്തുണച്ചിരുന്നുമില്ല. പകരം, വളരെ വ്യക്തമായിത്തന്നെ അതിനെ എതിര്‍ക്കുകയും ഖുര്‍ആന്‍ അതിനെ അംഗീകരിക്കുന്നില്ലെന്നു തുറന്നുപറയുകയും ചെയ്തിരുന്നു. പല മതങ്ങളിലും കാണപ്പെടുന്നപോലെ ചില മുസ്‌ലിംനാമധാരികള്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അത് ഇസ്‌ലാമികമല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചിരുന്ന വിവിധ മതങ്ങളുടെ പല സത്യങ്ങളെയും പുറത്തുപറയാനാണ് സാക്കിര്‍ നായിക്ക് പ്രസംഗങ്ങളിലൂടെ ശ്രമിച്ചിരുന്നത്. ഹിന്ദുസഹോദരങ്ങള്‍പോലും പലപ്പോഴും ഈ പ്രസംഗങ്ങളിലൂടെയാണ് അവരുടെ മതത്തിന്റെയും വേദഗ്രന്ഥങ്ങളുടെയും ഉള്ളറരഹസ്യങ്ങള്‍ മനസ്സിലാക്കിയിരുന്നത്. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേട്ടുതുടങ്ങിയശേഷമാണ് തങ്ങള്‍ക്ക് ഹിന്ദുമതത്തെക്കുറിച്ചു ശരിക്കും മനസ്സിലാക്കാനായതെന്ന് എന്നോടുതന്നെ എന്റെ പല ഹിന്ദുസുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. കാലങ്ങളായി തങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന പല അനാചാരങ്ങളെയും സംബന്ധിച്ച് ഇവര്‍ പിന്നീട് തങ്ങളുടെ പുരോഹിതന്മാരുമായി കലഹിച്ചിട്ടുണ്ട്.
നിരന്തരം വിവിധചാനലുകളില്‍ പ്രത്യക്ഷപ്പെടുകയും തന്റെ പീസ് ടിവിയില്‍ നിറഞ്ഞുനില്‍ക്കുകയും വിവിധമതങ്ങളിലെ മിത്തുകള്‍ക്കെതിരേ അറിവുകൊണ്ടുപോരാടുകയും ചെയ്യുന്ന സാക്കിര്‍ നായിക്കിനെ തകര്‍ക്കാന്‍ കാലങ്ങളായി ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ സംഘടിതരീതികളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സംസാരങ്ങളുടെ പശ്ചാത്തലവും പരിസരവും മനസ്സിലാക്കി അന്വേഷണസംഘം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ഉള്‍ക്കൊള്ളുമെന്നും അങ്ങനെ സത്യം പുറത്തുവരുമെന്നും നമുക്കു പ്രതീക്ഷിക്കാം.
അവലംബം: muslimmirror.com
വിവ. മോയിന്‍ മലയമ്മ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."