ഗവേഷണത്തിന്റെ സര്‍ഗാത്മകത തകര്‍ക്കരുത്: കെ.ടി രാധാകൃഷ്ണന്‍
കക്കട്ടില്‍: സര്‍വകലാശാലയിലെ ഗവേഷണ വിഷയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വഴി ഗവേഷണത്തിന്റെ സര്‍ഗാത്മകത തകര്‍ക്കുകയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി കെ.ടി രാധാകൃഷ്ണന്‍ പറഞ്ഞു. ഗവേഷണത്തിന് വിഷയം തീരുമാനിക്കേണ്ടത് ഭരണകൂടത്തിന്റെ നിര്‍ദേശത്തിനുസരിച്ചല്ല, മറിച്ച് ആ വിഷയത്തെ അഭിമുഖീകരിച്ചുകൊണ്ട് ചിന്തിക്കുന്നവരുടെ സത്യാന്വേഷണത്തിന്റെ ഭാഗമായിട്ടാണ്.
സര്‍വ്വ കലകളുടെയും സാഹിത്യത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളായ സര്‍വകലാശാലകളുടെ സ്വാതന്ത്ര്യത്തിനും സര്‍ഗാത്മകതയ്ക്കും വൈവിധ്യത്തിനും കൂച്ചുവിലങ്ങിടുന്ന ഇത്തരം നടപടികള്‍ ഫാസിസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നുമ്മല്‍ മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ അതീവ പരിസ്ഥിതി ലോല പ്രദേശമായ എടോനി വലിയകുന്ന് മലനിരകളില്‍ കരിങ്കല്‍ ക്വാറി അനുവദിക്കരുതെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നതും ഗുരുതരമായ പാരിസ്ഥിതിക ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഖന പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയാല്‍ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് സമ്മേളനം തീരുമാനിച്ചു. ചീക്കോന്ന് യു.പി സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് എന്‍.പി പ്രേമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ ചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.സുരേഷ്, സി.പി ശശി, മേഖലാ ഭാരവാഹികളായ എ.സി സുരേന്ദ്രന്‍, എം.പി സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ പി.മോഹനന്‍ സ്വാഗതവും മേഖലാ സെക്രട്ടറി എം.എസ് പ്രശാന്ത് കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.പി പ്രേമചന്ദ്രന്‍ (പ്രസിഡണ്ട്), ടി.കെ അജിത് കുമാര്‍ (വൈസ് പ്രസിഡണ്ട്), എം.എസ് പ്രശാന്ത് കുമാര്‍ (സെക്രട്ടറി), എം.പി സതീശന്‍ (ജോയിന്റ് സെക്രട്ടറി), വി.പി പ്രമോദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."