ചെമ്പുകടവ് കോളനിക്കായി ലിസ കോളജിന്റെ പദ്ധതിക്ക് അനുമതി
കോടഞ്ചേരി: ചെമ്പുകടവ് അംബേദ്കര്‍ കോളനിയിലെ ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൈതപ്പൊയില്‍ ലിസ കോളജ് പട്ടികജാതി, വര്‍ഗ വികസന വകുപ്പിന് സമര്‍പ്പിച്ച പദ്ധതിക്ക് പ്രവര്‍ത്തനാനുമതി. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗീസ് മാത്യു, അസി. പ്രഫ. പി.ജെ ജെസില്‍ എന്നിവര്‍ തയാറാക്കിയ പദ്ധതിക്കാണ് വകുപ്പ് ജില്ലാതല വര്‍ക്കിങ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചത്.
ചെമ്പുകടവ് കോളനിയിലെ കുടുംബാംഗങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, വയോജനക്ഷേമം എന്നിവയാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.
പദ്ധതി നാലു ഘട്ടമായാണ് നടപ്പാക്കുന്നത്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സര്‍വെ, ഭവന സന്ദര്‍ശനം, വിഷയാവതരണം, സ്റ്റേജ് ഷോ എന്നിവ ആദ്യ ഘട്ടത്തിലും സ്കൂള്‍ കുട്ടികള്‍ക്കുള്ള ട്യൂഷന് ക്ലാസുകള്‍, കോളനി നിവാസികളെ അടിസ്ഥാന ഗണിതം, വായന, എഴുത്ത് എന്നിവ പഠിപ്പിക്കല്‍, പഠനയാത്ര എന്നിവ രണ്ടാം ഘട്ടത്തിലും നടത്തും.
ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാംപ്, യോഗ, ശുചിത്വം തുടങ്ങിയ മൂന്നാം ഘട്ടത്തിലും വയോജനങ്ങളുടെ കൂട്ടായ്മ, തനത് വിശ്വാസ ആചാര സംരക്ഷണം, വിനോദയാത്ര, ചെറുകിട തൊഴില്‍ പരിശീലനം തുടങ്ങിയവ നാലാം ഘട്ടത്തിലും നടക്കും. കോളജിലെ സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റുകള്‍ സംയുക്തമായാണു പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
പ്രിന്‍സിപ്പല്‍, ഫാ. ബോബി പുള്ളോലിക്കല്‍, ബിന്ദു പി.നമ്പ്യാര്‍, പി.ജെ ജെസില്‍ എന്നിവരാണ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."