പള്ളികള്‍ തുറക്കുമ്പോള്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം: സുന്നി മഹല്ല് ഫെഡറേഷന്‍
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അടക്കമുള്ള മത സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചും മത നേതാക്കന്മാര്‍ സമര്‍പ്പിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സ്വാഗതം ചെയ്തു.
പള്ളികള്‍ ആരാധനക്കായി തുറക്കുമ്പോള്‍ മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുകയാണെന്നും ആരോഗ്യ സംരക്ഷണ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മഹല്ല് ഭാരവാഹികളും വിശ്വാസി സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
സാധാരണ മുസ്വല്ലകള്‍ക്ക് പകരം കഴുകി ഉണക്കാവുന്ന മുസ്വല്ലകളാണ് കൊണ്ടുവരേണ്ടത്. പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്ത് വരുമ്പോഴും സോപ്പ് ഉപയോഗിച്ച് കൈകള്‍ അണുമുക്തമാക്കണം. അംഗശുദ്ധി വീട്ടില്‍ നിന്ന് നിര്‍വഹിക്കുകയും പള്ളിയോടനുബന്ധിച്ച ടാപ്പ് വേണ്ടിവന്നാല്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുക. രോഗികള്‍, കുട്ടികള്‍, പ്രായാധിക്യമുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ മുതലായവര്‍ പള്ളിയില്‍ വരാതെ സഹകരിക്കുക.
കാര്‍പ്പറ്റ് ഒഴിവാക്കുക, സാധാരണ നിസ്‌കാരത്തിന് 15 മിനിറ്റും ജുമുഅക്ക് 20 മിനിറ്റും മാത്രം പള്ളി ഉപയോഗിച്ച ശേഷം ബാക്കി സമയങ്ങള്‍ അടച്ചിടുക മുതലായവയാണ് എസ്.എം.എഫ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങള്‍.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ട്രഷറര്‍ മുക്കം ഉമര്‍ ഫൈസി, സെക്രട്ടറിമാരായ യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, തോന്നയ്ക്കല്‍ ജമാല്‍ തിരുവനന്തപുരം, ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."