ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിക്കെതിരായ കുറ്റകൃത്യങ്ങള്‍ ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് മുന്‍സെക്രട്ടറി വി.എസ്.ജയകുമാറിനെതിരായ കുറ്റകൃത്യങ്ങള്‍ ശരിവച്ച് അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. 2014-15 കാലത്ത് ശബരിമല ദേവസ്വം എക്‌സിക്യൂട്ടൂവ് അംഗമായിരുന്നപ്പോഴും തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാര്‍ നടത്തിയ എട്ട് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏഴും തെളിഞ്ഞതായി വിജിലന്‍സ് മുന്‍ ട്രൈബ്യൂണല്‍ ചെറുന്നിയൂര്‍ പി.ശശിധരന്‍നായര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിന് ഇന്നലെ കൈമാറി.
2013-14, 2014-15 കാലത്ത് പാത്രങ്ങളും മറ്റും വാങ്ങിയതില്‍ 1,87,28,789 രൂപയുടെ അഴിമതിയാണ് അന്വേഷിച്ചത്. പാത്രങ്ങള്‍ കുന്നുകൂടി ഉപയോഗിക്കാതെ കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകള്‍ ഹാജരാക്കിയെന്നാണ് ഇതിന് അടിസ്ഥാനമായ ആരോപണം. ഇതുവഴി അവിഹിത നേട്ടമുണ്ടാക്കിയെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ 1,89,490 രൂപയുടെ അഴിമതി നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റ് സമയത്ത് റെക്കോര്‍ഡുകള്‍ മറച്ചുവെച്ചതായും അഴിമതിക്കാധാരമായ തെളിവുകള്‍ അടങ്ങിയ ഫയല്‍ നശിപ്പിച്ചതായുമുള്ള ആരോപണങ്ങള്‍ ശരിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 37 ദിവസത്തെ തെളിവെടുപ്പിനും വാദം കേള്‍ക്കലിനും ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തോട് സഹകരിക്കാതിരുന്ന പ്രതിക്ക് സഹായകരമായ നിലപാടെടുത്തതിന് ബോര്‍ഡിലെ ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുദര്‍ശനന്‍, ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും വിരമിച്ച വേലപ്പന്‍ നായര്‍ എന്നിവര്‍ക്കെതിരേ അന്വേഷണ കമ്മിഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."