രാജിയില്ലെന്ന് ജോസ് പക്ഷം അവിശ്വാസമെന്ന് ജോസഫ്; വെട്ടിലായത് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍
കോട്ടയം: പി.ജെ ജോസഫിന്റെ അന്ത്യശാസനം ജോസ് കെ. മാണി വിഭാഗം തള്ളിയതോടെ വെട്ടിലായി കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടു വന്നാലും, ജോസ് പക്ഷം രാജി വെയ്ക്കാതെ വന്നാലും ചോദ്യം ചെയ്യുപ്പെടുന്നത് കോണ്‍ഗ്രസിന്റെ നിലപാടും വിശ്വസ്തതയും. മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീണാലും പ്രസിഡന്‍്‌റ് സ്ഥാനം വിട്ടൊരു ഒത്തുതീര്‍പ്പില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് പക്ഷം. രാജിയില്ലെങ്കില്‍ അവിശ്വാസം എന്ന നിലപാടില്‍ ജോസഫ് വിഭാഗവും ഉറച്ചു നില്‍ക്കുകയാണ്. വിട്ടുവീഴ്ചയില്ലാത്ത അധികാരത്തര്‍ക്കം മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കഴിഞ്ഞു. ആരെ പിന്തുണച്ചാലും മറുപക്ഷം എല്‍.ഡി.എഫ് പാളയത്തിലേക്ക് ചാടും. ജോസഫ് പക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നാല്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് കോണ്‍ഗ്രസിനെ വിഷമത്തിലാക്കുന്നു. കോണ്‍ഗ്രസ് നിര്‍ദേശം അംഗീകരിക്കാത്ത ജോസ് വിഭാഗത്തെ പിന്തുണയ്ക്കാനാവില്ല. ജോസഫിന്റെ അവിശ്വാസത്തെ പിന്തുണച്ചാലും നഷ്ടം കോണ്‍ഗ്രസിനും മുന്നണിക്കും. അവിശ്വാസത്തില്‍ ഏത് പക്ഷത്തെ കോണ്‍ഗ്രസ് പിന്തുണച്ചാലും മറുപക്ഷത്തിന് സഹായവുമായി എല്‍.ഡി.എഫ് ഉണ്ടാകും. കേരള കോണ്‍ഗ്രസിലെ തര്‍ക്കം വിലയിരുത്താന്‍ ഡി.സി.സിയുടെ അടിയന്തിര യോഗം ഇന്നും ചേരും.
22 അംഗ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് -14, എല്‍.ഡി.എഫ് -7, ജനപക്ഷം - 1 എന്നതാണ് കക്ഷിനില. കോണ്‍ഗ്രസ് - 8, ജോസ് പക്ഷത്ത് നാലും ജോസഫിനൊപ്പം രണ്ടും എന്നതാണ് സ്ഥിതി. കോണ്‍ഗ്രസ് ജോസഫ് വിഭാഗം കൊണ്ടുവരുന്ന അവിശ്വാസ്ഥത്തെ പിന്താങ്ങിയാല്‍ പത്തു പേരു മാത്രമേയാകൂ. ജോസ് വിഭാഗത്തിന് പിന്തുണയുമായി എല്‍.ഡി.എഫ് വന്നാല്‍ അവിശ്വാസം പരാജയപ്പെടും. ഇതിന്റെ പേരില്‍ ജോസ് വിഭാഗത്തിന് ഇടതുപ്രവേശത്തിന് വഴിയൊരുക്കാം. അവിശ്വാസത്തെ എതിര്‍ത്താല്‍ ജോസഫ് പിണങ്ങും. ജോസഫ് വിഭാഗം എല്‍.ഡി.എഫിലേക്ക് ചേക്കേറാനുള്ള മാര്‍ഗമാക്കി ഇതിനെ മാറ്റും. ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും അവസാന പാതി കേരള കോണ്‍ഗ്രസ് (എം) നും എന്നതായിരുന്നു മുന്നണി ധാരണ. കരാര്‍ അനുസരിച്ച് പ്രസിഡന്റായ ജോഷി ഫിലിപ്പ് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ഡി.സി.സി അധ്യക്ഷനായതോടെ അധികാരം ഒഴിഞ്ഞു. കോണ്‍ഗ്രസിലെ സണ്ണി പാമ്പാടിയെ പ്രസിഡന്‍്‌റാക്കി മത്സരിപ്പിച്ചെങ്കിലും ഇടത് പിന്തുണയില്‍ കേരള കോണ്‍ഗ്രസ് (എം) ലെ സഖറിയാസ് കുതിരവേലി അധികാരം പിടിച്ചു. കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങി വന്നതോടെയാണ് തര്‍ക്കം പരിഹരിച്ച് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടിയെ പ്രസിഡന്റാക്കി. കെ.എം മാണിയുടെ മരണത്തോടെ ജോസഫ് - ജോസ് പക്ഷങ്ങള്‍ തമ്മിലടി തുടങ്ങുന്നതിനിടെയാണ് കരാര്‍ പ്രകാരം കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി രാജിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."