ചായ്യോത്ത് ഭൂമി കൈയേറിയിട്ടില്ലെന്ന് സി.പി.എം
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് വാഴപ്പന്തലില്‍ സി.പി.എം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. കിനാനൂര്‍ വില്ലേജിലെ 410 ല്‍പ്പെട്ട സര്‍ക്കാര്‍ ഭൂമി കൈയേറി ഇ.കെ നായനാര്‍ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ ഷെഡ് കെട്ടിയെന്ന് ആരോപിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍ കിനാനൂര്‍ വില്ലേജ് ഓഫിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
എന്നാല്‍ കൂടുതല്‍ തെളിവുകള്‍ നിരത്തി സി.പി.ഐയുടെ മഹിളാ സംഘടനകള്‍ രംഗത്തുവന്നതോടെയാണ് സി.പി.എം സ്ഥലം കൈയേറിയിട്ടില്ലെന്ന നിലപാടെടുത്തത്. ചായ്യോം ബസാര്‍ മുതല്‍ കൊല്ലമ്പാറ വരെ ഇ.കെ നായനാര്‍, ഇ.എം.എസ്, എ.കെ.ജി എന്നീ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളുടെ പേരുപറഞ്ഞ് അഞ്ചോളം റവന്യു ഭൂമി കിനാനൂര്‍ വില്ലേജില്‍ തന്നെ സി.പി.എം കൈയേറിയിട്ടുണ്ടെന്ന് സി.പി.ഐയുടെ ഒരു ജില്ലാ നേതാവ് സുപ്രഭാതത്തോട് പറഞ്ഞു.
റവന്യു ഉദ്യോഗസ്ഥരെ മുഴുവന്‍ സ്വാധീനിച്ചാണ് കൈയേറ്റങ്ങള്‍ നടത്തിയിട്ടുള്ളത്. മന്ത്രിയും സി.പി.ഐ മണ്ഡലം കമ്മിറ്റിയും ഇടതുപക്ഷ മുന്നണി വേദികളില്‍ പലതവണ പറഞ്ഞിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് പരാതിയുമായി കിനാനൂര്‍ വില്ലേജ് ഓഫിസര്‍ക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. ഇപ്പോള്‍ വാഴപ്പന്തലില്‍ കൈയേറിയ ഭൂമി സീറോലെസ് ലാന്‍ഡ് പദ്ധതി പ്രകാരം ദലിതര്‍ക്കും ആദിവാസികള്‍ക്കും മറ്റു സ്ഥലമില്ലാത്തവര്‍ക്കും കൊടുക്കാന്‍ നേരത്തേ തീരുമാനിച്ചത്. പരാതിയെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം സ്ഥലം അളന്നെടുക്കാനും പുരുഷസ്വയം സഹായ സംഘം കെട്ടിയ ഷെഡ് പൊളിക്കാനും റവന്യു ഉദ്യോഗസ്ഥന്മാര്‍ എത്തിയിരുന്നെങ്കിലും സി.പി.എം പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും ഇവരെ തടയുകയായിരുന്നു.
എന്നാല്‍ സി.പി.എം സ്ഥലത്തെ ചെറുപ്പക്കാരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളും മറ്റും ഏകോപിപ്പിക്കുന്നതിനുവേണ്ടി പുരുഷ സ്വയം സഹായം സംഘത്തിനു കീഴില്‍ ഒരു താല്‍ക്കാലിക ഷെഡ് കെട്ടിയതാണെന്നും ഭൂമി കൈയേറിയിട്ടില്ലെന്നും ഒരു പ്രാദേശിക സി.പി.എം നേതാവ് പറഞ്ഞു. ഇവിടെ മിച്ചഭൂമി പതിച്ചു കിട്ടിയ സി.പി.ഐ പ്രവര്‍ത്തകരാണ് മന്ത്രിയുടെ ഒത്താശയോടെ റവന്യു ഭൂമി കൈയേറുന്നത്. അതിനെതിരേ സി.പിഎം നല്‍കിയ പരാതിയെ തുടര്‍ന്നാണ് സി.പി.ഐക്കാര്‍ സി.പി.എം ഭൂമി കൈയേറിയെന്ന പരാതിയുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സി.പി.ഐ-സി.പി.എം ഐക്യത്തെ ബാധിച്ചിട്ടുണ്ട്. എന്തായാലും ചായ്യോം ബസാര്‍ മുതല്‍ കൊല്ലമ്പാറവരെയുള്ള പാര്‍ട്ടി ഓഫിസുകളുടെ രേഖ പരിശോധിക്കണമെന്നാണ് സി.പി.ഐ നേതാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."