പള്ളിവെളി-പൂച്ചാക്കല്‍ റോഡ് നിര്‍മാണം പാതി വഴിയില്‍; ദുരിതം പേറി യാത്രക്കാര്‍
പൂച്ചാക്കല്‍: പള്ളിവെളി പൂച്ചാക്കല്‍ റോഡ് നിര്‍മാണം പാതി വഴിയില്‍ നിലച്ചതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ചേര്‍ത്തല അരൂക്കുറ്റി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് നിര്‍മാണം നിലച്ചതിനെ തുടര്‍ന്ന് യാത്ര ദുരിത പൂര്‍ണ്ണമായിരിക്കുന്നത്. വിവാദങ്ങള്‍ക്കിടയില്‍ പൂച്ചാക്കല്‍ പള്ളിവെളി റോഡ് നിര്‍മാണം പുനര്‍ ആരംഭിക്കുവാന്‍ ഒരുങ്ങിയെങ്കിലും വീണ്ടും നിലച്ചിരിക്കുകയാണ്.
റോഡ് നിര്‍മാണം നടക്കവേ സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറിയെന്ന് ആരോപിച്ച് മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് റോഡ് നിര്‍മാണം തടസപ്പെട്ടത്. എന്നാല്‍ പാതി വഴിയില്‍ നിര്‍മാണം നിര്‍ത്തിവച്ചത് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ ബുദ്ധിമുട്ടാക്കി. ഇതിനെതിരെ നാട്ടുകാര്‍ സമരങ്ങളും ഉപരോധങ്ങളും നടത്തി. നിലവില്‍ വിവാദമായ റോഡിന്റെ ഒരു മീറ്റര്‍ ഭാഗം ഒഴിവാക്കി റോഡ് നിര്‍മാണം പുനര്‍ ആരംഭിക്കണമെന്ന എം.എല്‍.എയുടെ നിര്‍ദേശ പ്രകാരമാണ് റോഡ് നിര്‍മാണം വീണ്ടും തുടങ്ങിയത്.എന്നാല്‍ ഇതിനിടയില്‍ സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതി അധികൃതര്‍ ഭൂമി അളന്ന് റോഡിന്റെ മധ്യഭാഗത്ത് കുറ്റിയടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തിയെങ്കിലും തുടര്‍ന്ന് നിര്‍മാണം ആരംഭിക്കുവാന്‍ കരാറുകാരന്‍ തയ്യാറാകാത്തത് മൂലമാണ് നിര്‍മാണം തുടങ്ങാന്‍ കഴിയാതെ വന്നത്.
റോഡിലെ മെറ്റല്‍ ഇളകി കാല്‍നട യാത്രാപോലും ദുരിതമായി. പ്രദേശത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും പൊടി ശല്യം രൂക്ഷമായതോടെ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമായിരിക്കുകയാണ്. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ദിനേ ഈ റോഡ് മാര്‍ഗം കടന്ന് പോകുന്നത്. പൂച്ചാക്കല്‍ വടക്കേക്കരയില്‍ നിന്നും തുടങ്ങി ഉളവയ്പ്പ് കൊല്ലശ്ശേരി വരെ 1700 മീറ്റര്‍ റോഡാണ് പി.ഡബ്ല്യു.ഡി 1 കോടി 10 ലക്ഷം രൂപ മുതല്‍ മുടക്കി പുനര്‍ നിര്‍മ്മിക്കുന്നത്. 45 വര്‍ഷമായി നാട്ടുകാര്‍ ഉപയോഗിക്കുന്ന ഈ റോഡിന്റെ 100 മീറ്റര്‍ വരുന്ന ഭാഗം തന്റേതാണെന്നുള്ള സ്വകാര്യ വ്യക്തിയുടെ അവകാശവാദം നിലനില്‍ക്കുകയാണ്.എന്നാല്‍ ഈവാദം അന്യായമാണെന്നും, അടിസ്ഥാന രഹിതമാണെന്നും അടിയന്തിരമായി റോഡിന്റെ നിര്‍മ്മാണം തുടങ്ങണമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."