പുതുപ്പരിയാരത്തെ ടാര്‍ മിക്‌സിങ് യൂനിറ്റ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ഉടമ
തൊടുപുഴ:പുതുപ്പരിയാരത്ത് സ്ഥാപിച്ചിരിക്കുന്ന ടാര്‍ മിക്‌സിങ് യൂനിറ്റ് ചട്ടം ലംഘിച്ചിട്ടില്ലെന്ന വാദവുമായി ഉടമ രംഗത്ത്.
സ്ഥാപനത്തിനെതിരേ ചിലര്‍ തെറ്റായ പ്രചരണം അഴിച്ചു വിടുകയാണെന്നും ഉടമ ജില്‍മോന്‍ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ടാര്‍ മിക്‌സിങ് യൂനിറ്റ് പൊളിച്ചു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടില്ല. പഞ്ചായത്ത് നിയമപ്രകാരം വേണ്ട രേഖകള്‍ ഹാജരാക്കി പെര്‍മിറ്റ് കരസ്ഥമാക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ബില്‍ഡിങ് പെര്‍മിറ്റ് അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിച്ച് ചീഫ് ടൗണ്‍ പ്ലാനറുടെ അംഗീകാരം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ടെന്നും ഇതനുസരിച്ച് മുന്നോട്ടു പോകുമെന്നും ജില്‍മോന്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഹോട്ട് മിക്‌സ് പ്ലാന്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാന്‍ സംസ്ഥാന മലിനീകരണനിയന്ത്രണബോര്‍ഡ് തീരുമാനിച്ചത്. പ്ലാന്റ് നിര്‍മാണത്തിന് ആദ്യം അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതി പിന്നീട് ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടി അത് നിഷേധിക്കുകയായിരുന്നു.
ഒരുകോടിയോളം രൂപ മുടക്കിയ പ്ലാന്റ് സ്ഥാപിച്ച ശേഷമാണ് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതിനെതിരേ താന്‍ കോടതിയില്‍ പോയി അനുകൂലവിധി നേടി. തുടര്‍ന്ന് പ്ലാന്റിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചപ്പോള്‍ വീണ്ടും പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കി. പിന്നീട് വീണ്ടും കോടതിയെ സമീപിച്ച് പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവുണ്ടായപ്പോള്‍ പഞ്ചായത്ത് പുതിയ ചട്ടങ്ങളുമായി രംഗത്ത് വരികയായിരുന്നുവെന്നാണ് ഉടമയുടെ ആരോപണം.
പഞ്ചായത്ത് ആവശ്യപ്പെടുന്ന രേഖകള്‍ ഹാരാക്കി പെര്‍മിറ്റ് കരസ്ഥമാക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചത്. ഡിവിഷന്‍ബഞ്ചും ഇതു തന്നെ ശരിവെച്ചു. പ്ലാന്റ് പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെന്ന ചിലരുടെ പ്രചാരണം ശരിയല്ല. പ്ലാന്റിനെതിരേ സമരരംഗത്തുള്ളവര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ജില്‍മോന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."