പ്രളയ പുനരധിവാസം സ്ഥലം വാങ്ങിയവര്‍ക്ക് പണം അനുവദിച്ചില്ല
മാനന്തവാടി: പ്രളയത്തില്‍ വീട് തകരുകയും മണ്ണിടിച്ചിലും മറ്റും ഉണ്ടായതിനെ തുടര്‍ന്ന് വീട് നിര്‍മാണത്തിന് സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്ത പിലാക്കാവ് മണിയന്‍കുന്ന് നിവാസികള്‍ക്ക് പുതുതായി സ്ഥലം വാങ്ങിയതിനുള്ള തുക അനുവദിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ താലൂക്ക് ഓഫിസിലെത്തി പ്രതിഷേധിച്ചു.
24 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലം പ്രളയത്തിന് ശേഷം റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്ക് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കാന്‍ നാല് ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിന്‍ പല കുടുംബങ്ങളും ലോണേടുത്തും സ്വര്‍ണാഭരണങ്ങള്‍ വിറ്റും കടം വാങ്ങിയും സ്ഥലം വാങ്ങി രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പണം ലഭിക്കാതായതൊടെ കഴിഞ്ഞയാഴ്ച താലൂക്ക് ഓഫിസിലെത്തി സമരം നടത്തിയിരുന്നു. ഉടന്‍ പണം അനുവദിക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടില്‍ മുമ്പ് ഇവര്‍ താമസിച്ചിരുന്ന സ്ഥലം വാസയോഗ്യമാണെന്നാണ് വ്യക്തമാക്കിയിരുന്നു. ഇതാണ് ഈ കുടുംബങ്ങള്‍ക്ക് വിനയായി മാറിയത്. നിര്‍ധന കുടുംബങ്ങളാണ് ഇവരില്‍ ഭൂരിഭാഗം പേരും. വാടക വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്.
സ്ഥലം രജിസ്‌ട്രേഷന്‍ നടത്തിയിട്ടും പണം ലഭിക്കാതാവുകയും വീട് നിര്‍മാണം അനിശ്ചിതമായി നീണ്ട് പോവുകയും ചെയ്ത സാഹചര്യത്തിലാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ ഇവര്‍ വീണ്ടും താലൂക്ക് ഓഫിസില്‍ പ്രതിഷേധവുമായി എത്തിയത്. ഭൂരേഖ വിഭാഗം താഹസില്‍ദാര്‍ കെ.ജി സുരേഷ് കുമാര്‍, ഡെപ്യട്ടി താഹസില്‍ദാര്‍ പി.യു സിതാര, മനോജ്, ടി.ജോ ഫ്രാന്‍സിസ് എന്നിവരുമായി ചര്‍ച്ച നടത്തുകയും പണം ലഭിക്കുമെന്ന വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിരിഞ്ഞ് പോകില്ലെന്ന വാശിപിടിച്ച് ഓഫിസില്‍ ഇരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉന്നത റവന്യു അധികൃതരുമായി ഫോണില്‍ ബന്ധപ്പെടുകയും ജി.എസ്.ഐ നല്‍കിയ സര്‍വേ റിപ്പോര്‍ട്ടിലെ സാങ്കേതിക തടസം നീക്കി, സ്ഥലം സംബന്ധിച്ച് ജില്ല ഭരണകൂടം തീരുമാനമെടുക്കാമെന്ന ഉറപ്പ് ഉന്നത അധികൃതരില്‍ നിന്ന് ലഭിക്കുകയും ഒരാഴ്ചക്കുള്ളില്‍ പണം കൈമാറുമെന്ന് താലൂക്ക് ഓഫിസിലെത്തി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. നഗരസഭ കൗണ്‍സിലര്‍ മുജീബ് കൊടിയോടന്‍, മനോജ് പിലാക്കാവ്, സി. കൃഷ്ണന്‍, സി.കെ റസീന, രജനി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."