എക്കോലോഗ്, യാത്രിനിവാസ് പദ്ധതി: നിര്‍മാണംതുടങ്ങി ഹൈഡല്‍ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കുമെന്ന് മന്ത്രി എം.എം.മണി
തൊടുപുഴ: ഇടുക്കിയുടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവെയ്ക്കുന്ന എക്കോലോഗ്, യാത്രിനിവാസ് പദ്ധതികളുടെ നിര്‍മ്മാണത്തിന് തുടക്കമായി.
സ്വദേശി ദര്‍ശന്‍ ഗ്രാമീണ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമായ 5.5 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന എക്കോലോഗില്‍ 12 ഡബിള്‍ റുമുകളും റിസപ്ഷന്‍ കൗണ്ടര്‍, ഡൈനിംഗ് ഹാള്‍, കിച്ചണ്‍ എന്നിവയും സംസ്ഥാന ടൂറിസം വകുപ്പ് അഞ്ച് കോടി ചിലവഴിച്ച് നടപ്പാക്കുന്ന യാത്രിനിവാസില്‍ ഓഫിസ് റൂം, റസ്റ്റോറന്റ്, രണ്ടു ഡോര്‍മിറ്ററികളിലായ 40 ബെഡ്, രണ്ടു സിംഗിള്‍ കോട്ടേജുകളും നാല് ഡബിള്‍ കോട്ടേജുകളും ഒരു സ്യൂട്ട് റും മറ്റു സൗകര്യങ്ങളുമുണ്ടാകും.
പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി ചെറുതോണിയില്‍ നിര്‍വഹിച്ചു. ടൂറിസം രംഗത്ത് ജില്ലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വികസന രംഗത്ത് മുന്നേറ്റം നടത്താന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഡാമുകളുമായി ബന്ധപ്പെടുത്തിയുള്ള ഹൈഡല്‍ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കും. കെ.എസ്.ഇ.ബിയുടെ ക്വാര്‍ട്ടേഴ്‌സുകള്‍ സംരക്ഷിച്ചുകൊണ്ട് ടൂറിസം സാധ്യതകള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടൂറിസ്റ്റുകള്‍ക്കായി കെ.എസ്.ഇ.ബിയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇടുക്കിയില്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആര്‍ച്ച് ഡാമിനോടനുബന്ധിച്ച് ലേസര്‍ സൗണ്ട് ഷോ, വൈശാലി ഗുഹയോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ അക്വേറിയം സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
ഡാമുകളുടെ നാടായ ഇടുക്കിയില്‍ ഡാമുകളുടെ ചരിത്ര മ്യൂസിയവും ഇടുക്കിയിലെ കുടിയേറ്റത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന സ്മാരകവും നിര്‍മ്മിക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെന്നും 15 കോടി രൂപ ചെലവിലുള്ള പദ്ധതി നാലുമാസത്തിനകം നിര്‍മ്മാണം ആരംഭിക്കാനാകുമെന്നും എം.പി അറിയിച്ചു.
എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ഡി.റ്റി.പി.സി നിര്‍വാഹക സമിതി അംഗം സി.വി.വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടിന്റു സുഭാഷ്, ജലജ ഷാജി, ജോര്‍ജ്ജ് വട്ടപ്പാറ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി കൊച്ചുകുടി, അംഗങ്ങളായ കെ.എം ജലാലുദ്ദീന്‍, പി.എസ് സുരേഷ്, അനില്‍ കൂവപ്‌ളാക്കല്‍, നോബിള്‍ ജോസഫ്, സാജന്‍ കുന്നേല്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ.പദ്മകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."