'അന്ത്യോദയ'യിലും ജില്ലയ്ക്ക് തിരിച്ചടി; തിരൂരില്‍ രാത്രികാല ട്രെയിനുകളില്‍ റിസര്‍വേഷന്‍ കിട്ടാക്കനി
തിരൂര്‍: ജില്ലയിലെ ദീര്‍ഘദൂരയാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്ന തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രികാല ട്രെയിനുകളില്‍ റിസര്‍വേഷന്‍ കിട്ടാക്കനി. തിരൂരില്‍ സ്റ്റോപ്പുള്ള രാത്രികാല ട്രെയിനുകളില്‍ സീറ്റ് ഒപ്പിക്കാന്‍ യാത്രക്കാരുടെ കഷ്ടപ്പാട് ചെറുതൊന്നുമല്ല.
ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ശ്രമിച്ചാലും റിസര്‍വേഷന്‍ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. അന്ത്യോദയ അടക്കമുള്ള ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതോടെ രാത്രികാലങ്ങളിലെ ദീര്‍ഘദൂര യാത്രാപ്രശ്‌നം പതിവുപോലെ തുടരും.
റിസര്‍വേഷന്‍ ഇല്ലാതെ തന്നെ രാവുംപകലും യാത്ര ചെയ്യാവുന്ന അതിവേഗ ട്രെയിനായ അന്ത്യോദയയ്ക്ക് ജില്ലയില്‍ തിരൂരെങ്കിലും സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കിലും പകുതിയിലേറെ യാത്രക്കാരുടെ പ്രയാസവും പരിഹരിക്കപ്പെടുമായിരുന്നു. മറ്റ് ജില്ലകളില്‍ ഒരിടത്തെങ്കിലും അന്ത്യോദയയ്ക്ക് സ്റ്റോപ്പ് അനുവദിക്കപ്പെട്ടപ്പോള്‍ മലപ്പുറം മാത്രമാണ് അവഗണിക്കപ്പെട്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ അന്ത്യോദയ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സാധാരണക്കാരായ യാത്രക്കാര്‍ക്ക് അതിവേഗത്തില്‍ സഞ്ചരിക്കുന്ന അന്ത്യോദയ എക്‌സ്പ്രസിന് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വിഷയത്തില്‍ രാഷ്ട്രീയ വിവാദവുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."