കെ.എസ്.ആര്.ടി.സി സ്റ്റേഷന് മാസ്റ്റേഴ്സ് ഓഫിസ് പ്രവര്‍ത്തനം താളംതെറ്റുന്നു
എടപ്പാള്‍: കണ്ടനകം കെ.എസ്.ആര്.ടി.സി സ്റ്റേഷന് മാസ്റ്റേഴ്സ് ഓഫിസ് പ്രവര്‍ത്തനം വീണ്ടും അവതാളത്തില്‍. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് ഓഫിസ് പ്രവര്‍ത്തിക്കേണ്ടത്.
എന്നാല്‍ ദിവസങ്ങളായി രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ മാത്രമാണ് പ്രവര്‍ത്തനം. ഇതുമൂലം യാത്രക്കാരും ഡ്രൈവര്‍മാരും ബുദ്ധിമുട്ടുകയാണ്. ആദ്യഘട്ടത്തില്‍ രാവിലെ ആറു മുതല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും സ്റ്റേഷന് മാസ്റ്ററുടെ അഭാവത്തില്‍ സമയം വെട്ടിച്ചുരുക്കി. ഇത് പ്രതിഷേധത്തിന് ഇടയാക്കിയതോടെ സമയം വീണ്ടും ദീര്‍ഘിപ്പിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍സമയം മാത്രമാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബസ് എവിടെ നിര്ത്തുമെന്നുപോലും അറിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ഡ്രൈവര്‍മാര്‍ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണമെന്നാണ് നിര്‍ദേശം. ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ ഡിപ്പോയില്‍ കയറണോ വേണ്ടയോ എന്നുപോലും ഡ്രൈവര്മാര്ക്കറിയില്ല. ദീര്‍ഘദൂര യാത്രയ്ക്കായി ടിക്കറ്റെടുക്കാനെത്തുന്നവരും ഇതിനാല്‍ ബുദ്ധിമുട്ടുന്നു. ഓഫിസ് സമയം ദീര്‍ഘിപ്പിച്ച് യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."