സൗര പദ്ധതി: വീട്ടില്‍ നിന്ന് വൈദ്യുതി നല്‍കാന്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍
കണ്ണൂര്‍: വീടിന്റെ മട്ടുപാവില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചു വൈദ്യുതി ബോര്‍ഡിനു നല്‍കാന്‍ കാത്തിരിക്കുകയാണു രണ്ടേമുക്കാല്‍ ലക്ഷം പേര്‍. കെ.എസ്.ഇ.ബിയുടെയും അനര്‍ട്ടിന്റെയും സംയുക്ത സംരംഭമായ സൗര പദ്ധതിക്കായുള്ള ആദ്യഘട്ട രജിസ്‌ട്രേഷനിലൂടെ രണ്ടേമുക്കാല്‍ ലക്ഷം പേരാണു സംസ്ഥാനത്ത് അപേക്ഷിച്ചിട്ടുള്ളത്.
ജില്ലയില്‍ ഇരുപത്തിരണ്ടായിരത്തിലധികം പേര്‍ വീട്ടില്‍ സ്വയം വൈദ്യുതി ഉല്‍പാദിപ്പിച്ചു ബാക്കി വൈദ്യുതി ബോര്‍ഡിനും നല്‍കാനുള്ള തയാറെടുപ്പിലാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സോളാര്‍ വൈദ്യുതി വീടുകളില്‍ നിര്‍മിച്ചു സര്‍ക്കാരിനു വില്‍ക്കുന്നുണ്ട്.
ഇത്തരമൊരു രീതിയാണ് ബോര്‍ഡും നടപ്പാക്കുന്നത്. ഏപ്രില്‍ മാസത്തോടെ രണ്ടാംഘട്ട സര്‍വേ പൂര്‍ത്തിയാകും. സര്‍വേ പൂര്‍ത്തിയായാല്‍ സാങ്കേതിക പരിശോധനയ്ക്കു ശേഷം മൂന്നാം ഘട്ടമായി സൗര നിലയം സ്ഥാപിക്കും.
ഒരു കിലോവാട്ട് സോളാര്‍ സ്ഥാപിക്കാന്‍ ശരാശരി 50,000 രൂപ വരെ ആകും. സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു ലക്ഷം വരെ ഈടാക്കാറുണ്ട്. 100 ചതുരശ്രഅടിയില്‍ ഒരു കിലോവാള്‍ട്ട് പവര്‍ എന്ന നിലയില്‍ സോളാര്‍ നിലയങ്ങള്‍ സാധ്യമാണ്.
ഉപയോക്താക്കള്‍ക്കായി രണ്ടു മാതൃകകളാണു ബോര്‍ഡ് മുന്നോട്ടുവയ്ക്കുന്നത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെ.എസ്.ഇ.ബിയുടെ ചെലവില്‍ സൗരനിലയം സ്ഥാപിക്കുന്നതാണ് ഒരു പദ്ധതി. ഇതില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം സൗജന്യമായി കെട്ടിട ഉടമയ്ക്കു നല്‍കുകയോ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്കു നിശ്ചിത നിരക്കില്‍ കെട്ടിട ഉടമയ്ക്കു നല്‍കുകയോ ചെയ്യും. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്റെ ചെലവില്‍ കെ.എസ.്ഇ.ബി സൗരനിലയം സ്ഥാപിക്കുന്നതാണു രണ്ടാമത്തെ പദ്ധതി. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത നിരക്കില്‍ കെ.എസ.്ഇ.ബി വാങ്ങുകയോ സംരംഭകനു പൂര്‍ണമായി ഉപയോഗിക്കുകയോ ചെയ്യാം. രണ്ടു മാതൃകയിലും സൗരനിലയങ്ങളുടെ പരിപാലനവും അറ്റകുറ്റപണികളും കെ.എസ്.ഇ.ബി
നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."