ഏനാത്ത് ബെയ്‌ലി പാലം; ഷീറ്റുകള്‍ വളയുന്നത് ദുരിതമാവുന്നു
കൊല്ലം: ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചപ്പോള്‍ പരിഹാരമായി സ്ഥാപിച്ച ബെയ്‌ലി പാലത്തിന്റെ ഇരുമ്പു ഷീറ്റുകള്‍ വളയുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കുളക്കട ഭാഗത്തെ അബട്ട്‌മെന്റിന്റെ മുകളില്‍ വാഹനങ്ങള്‍ ഇറങ്ങിവരുന്നതിനായി ചരിവില്‍ നിര്‍മിച്ചിരിക്കുന്ന ഭാഗത്തെ ഷീറ്റുകളാണ് വളഞ്ഞിരിക്കുന്നത്. ഇതുമൂലം ഉയരം കുറഞ്ഞ വാഹനങ്ങള്‍ ഇതിലിടിച്ച് കേടുപാടുകള്‍ സംഭവിക്കുന്നു. കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ കേടു പറ്റിയിരുന്നു. വാഹനങ്ങള്‍ ഈ ഭാഗത്ത് എത്തുമ്പോള്‍ പൊലിസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ആംബുലന്‍സ്, കാര്‍, ബൈക്ക് തുടങ്ങി ആയിരക്കണക്കിന് ചെറുവാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങള്‍ പിടിച്ചിടുന്നത് കാരണം കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര തന്നെ രൂപപ്പെടുന്നു. വാഹനങ്ങള്‍ ക്യൂവില്‍ നിന്ന് മാറി നിരന്ന് വരുന്നതിനാല്‍ കാല്‍ നട യാത്രക്കാരും ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പാലത്തിന്റെ ഇരുകരകളിലും വാഹനങ്ങള്‍ കടത്തിവിടുന്നതിനായി റിസര്‍വ് പൊലിസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും എണ്ണത്തില്‍ കുറവായതിനാല്‍ അവര്‍ക്ക് മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.
പാലത്തിലൂടെ കടന്നുപോകാനുള്ള വാഹനങ്ങളുടെ പെരുക്കം മൂലം ഇവര്‍ നന്നേ ബുദ്ധിമുട്ടുകയാണ്. ഇവിടെ ലോക്കല്‍ പൊലിസിന്റെ സാന്നിധ്യവുമില്ല. ബെയ്‌ലി പാലത്തിലൂടെ കാല്‍ നട യാക്ക്രാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നുള്ള ആക്ഷേപവും ശക്തമായിരിക്കുകയാണ്. നടപ്പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന മരപ്പലകയുടെ അകലം മൂലം കാല്‍ ഇതില്‍പ്പെട്ട് അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ കാല്‍നട യാത്രക്കാര്‍ അപകടത്തിലായ പാലത്തിലൂടെയാണ് ഇപ്പോഴും യാത്ര ചെയ്യുന്നത്.
പാലത്തിന്റെ സ്പാനുകള്‍ ഉയര്‍ത്തുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. പണികള്‍ക്കായി ഈ പാലം അടയ്ക്കുന്നതോടെ കാല്‍നട യാത്രക്കാര്‍ക്ക് ബെയ്‌ലി പാലത്തെ ആശ്രയിക്കേണ്ടിവരും. അപ്പോഴേയ്ക്കും നടപ്പാതയില്‍ മറ്റ് സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."