പ്ലാസ്റ്റിക് ഉപേക്ഷിച്ച് ചെറിയഴീക്കല്‍ ക്ഷേത്രവും
കൊല്ലം: കൊട്ടാരക്കര ക്ഷേത്രത്തിന് പിന്നാലെ ചെറിയഴീക്കല്‍ വടക്കേനട ഭഗവതി ക്ഷേത്രത്തിലെ മേടമാസ തോറ്റംപാട്ട് മഹോത്സവവും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുവാന്‍ തീരുമാനിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ അരയവംശ പരിപാലനയോഗം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ക്ഷേത്ര പരിസരത്തും ഭക്തര്‍ ഭജനമിരിക്കുന്ന കുടിലുകളിലും പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പിവെളളം, ഡിസ്‌പോസിബിള്‍ സാമഗ്രികളായ പ്ലാസ്റ്റിക്കിലും പേപ്പറിലും നിര്‍മിച്ച കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കും. പകരം കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ ഉപയോഗിക്കും. ക്ഷേത്ര സമീപത്തെ വ്യാപാരികളും ഇതുമായി സഹകരിക്കണമെന്ന് അരയവംശ പരിപാലനയോഗം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം വരാനിടയുള്ള അജൈവ മാലിന്യങ്ങളുടെ അളവ് കുറക്കുന്നതിനാണ് ഹരിത ചട്ടങ്ങള്‍ പാലിക്കുന്നത്. ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കും ഭജനക്കുടിലുകളിലെ ഭക്തര്‍ക്കും ഹരിതചട്ടങ്ങള്‍ സംബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്‍ പരിശീലനം നല്‍കും. സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത്, ഹരിതകേരളം മിഷനുകളുമായി സഹകരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. അരയവംശ പരിപാലനയോഗം പ്രസിഡന്റ് ആര്‍ രാജപ്രിയന്‍, സെക്രട്ടറി എസ് ജയന്‍, ഖജാന്‍ജി വി വിനീത്, ആര്‍ രതീഷ്, യു ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."