ദേഹപരിശോധന ഒഴിവാക്കാന്‍ വസ്ത്രത്തില്‍ മൂത്രമൊഴിച്ചും തന്ത്രം
കാളികാവ്: ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പിച്ചു. വണ്ടൂര്‍-കാളികാവ് യാത്രയ്ക്കിടയിലാണ് തമിഴ്നാട് സ്വദേശികളായ രണ്ടു സ്ത്രീകള്‍ വീട്ടമ്മയുടെ മാല തന്ത്രപരമായി കൈക്കലാക്കിയത്.
മാലയുടെ കൊളുത്ത് അഴിച്ചെടുക്കുകയാണ് ചെയ്തത്. ഇതു ശ്രദ്ധയില്‍പെട്ട ഉടനെ ബസിലുള്ളവര്‍ ഇരുവരെയും പിടികൂടിയതിനാല്‍ വീട്ടമ്മയ്ക്കു മാല തിരികെലഭിച്ചു. മോഷണം നടത്തിയ ഉടനെ വസ്ത്രം മാറുന്നതിനായി ഇവര്‍ രണ്ടു വസ്ത്രങ്ങള്‍ ഒരുമിച്ചു ധരിച്ചിരിക്കുകയായിരുന്നു. ബസ് കാളികാവ് ജങ്ഷനിലെത്തിയതോടെ യാത്രക്കാര്‍ വിവരം പൊലിസിലറിയിച്ചു.
പൊലിസ് എത്തിയ ഉടനെ ദേഹപരിശോധന നടത്താതിരിക്കാന്‍ നാടോടി സ്ത്രീകള്‍ വസ്ത്രത്തില്‍ മൂത്രമൊഴിച്ചും തന്ത്രം പ്രയോഗിച്ചു. തുടര്‍ന്ന് ഇരുവരെയും പൊലിസ് സ്റ്റേഷനിലെത്തിച്ചു.
മാല തിരികെ കിട്ടിയതിനാല്‍ മാല നഷടപ്പെട്ടവര്‍ പരാതി നല്‍കിയിട്ടില്ല. നാടോടി സ്ത്രീകളെ പൊലിസ് പിന്നീട് താക്കീത് ചെയ്തു വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."