അടിയന്തര ഘട്ടത്തില്‍ ബ്രേക്കിട്ടില്ലെങ്കിലും ഇനി കാര്‍ നില്‍ക്കും...
വലിയ വളവും തിരിവുമൊന്നുമില്ലാത്ത റോഡില്‍ കുറച്ച് സ്പീഡില്‍ ഡ്രൈവ് ചെയ്യുന്നതിനിടയിലായിരിക്കും ഏതെങ്കിലും പോക്കറ്റ് റോഡില്‍ നിന്നു വല്ല സ്‌കൂട്ടറോ ബൈക്കോ മുന്നില്‍ ചാടുന്നത്. ശ്രദ്ധ അല്‍പമൊന്ന് പാളിയാല്‍ പിന്നെ, വലിയൊരു ശബ്ദവും നിലവിളിയും ആളുകള്‍ ഓടിക്കൂടുന്നതുമൊക്കെയായി സീന്‍കോണ്‍ട്രാ ആകും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഡ്രൈവര്‍ ബ്രേക്കിടാന്‍ മറക്കുന്ന ഇത്തരം അവസരങ്ങളില്‍ കാര്‍ സ്വയം ബ്രേക്ക് ചെയ്താല്‍ എങ്ങനെയിരിക്കും! കൂട്ടിയിടിയില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഒരവസരത്തിലെങ്കിലും കാര്‍ സ്വയം ബ്രേക്ക് ചെയ്യുന്ന സംവിധാനത്തെക്കുറിച്ച് നമ്മള്‍ വെറുതെയെങ്കിലും ചിന്തിച്ചുപോയിട്ടുണ്ടാകാം.
എ.ബി.എസ്, എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളല്ലാതെ കൂട്ടിയിടി ഒഴിവാക്കാനുള്ള വിദ്യ കാറുകളില്‍ ഉള്ളതായി പലരും കേട്ടിരിക്കാനിടയില്ല. എന്നാല്‍ സംഗതി സത്യമാണ്. എ.ബി.എസിനും എയര്‍ബാഗിനുമൊക്കെ അപ്പുറത്തേക്ക് കാറിലെ സുരക്ഷാ സംവിധാനങ്ങള്‍ ഇന്നു വളര്‍ന്നിട്ടുണ്ട്. ഇതിലൊന്നാണ് റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളത്. റോഡില്‍ മറ്റു വാഹനങ്ങളോ ആളുകളോ ഉള്ള സമയത്ത് ഡ്രൈവര്‍ ബ്രേക്കിടാന്‍ മറന്നാല്‍ വാഹനം ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ് ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് അഥവാ എ.ഇ.ബി.
ഇനി ഇത്തരം സംവിധാനങ്ങള്‍ അമേരിക്കയിലേയോ യൂറോപ്പിലേയോ കാറുകളില്‍ മാത്രം ഉള്ളതാണെന്നും പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞാവും ഇന്ത്യയിലെത്തുകയെന്നൊന്നും ധരിക്കേണ്ട. നമ്മുടെ കൊച്ചിയിലും കോഴിക്കോട്ടും തിരുവന്തപുരത്തുമൊക്കെ ഇത്തരം കാറുകള്‍ ഉണ്ടെന്നതാണു വാസ്തവം. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലാത്തിതിനാല്‍ ഈ സംവിധാനങ്ങള്‍ കമ്പനി ആക്ടീവ് ആക്കിയിരുന്നില്ലെന്നു മാത്രം. വോള്‍വോയുടെ എക്‌സ് സി 90 എന്ന എസ്.യു.വി ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള വാഹനമാണ്. അന്‍പതിലധികം എക്‌സ് സി 90 എസ്.യു.വികള്‍ ഇന്ന് കേരളത്തിലുണ്ട്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് മാത്രമല്ല ഓട്ടോമാറ്റിക് ക്രൂയിസ് കണ്‍ട്രോളും എക്‌സ് സി 90 യുടെ പ്രത്യേകതയാണ്. മുന്നിലെ വാഹനത്തിന്റെ വേഗതയനുസരിച്ച് കാര്‍ സ്വയം വേഗത ക്രമീകരിക്കുന്ന സംവിധാനമാണിത്.
കേന്ദ്രസര്‍ക്കാര്‍ ഈയിടെ ചില റഡാര്‍ ഫ്രീക്വന്‍സികള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതോടെയാണ് ഇത്തരം ഹൈടെക് സുരക്ഷാ സംവിധാനങ്ങള്‍ നമ്മുടെ റോഡുകളിലുമെത്താന്‍ വഴിതെളിഞ്ഞത്. അടുത്തുതന്നെ പുറത്തിറങ്ങുന്ന വോള്‍വോയുടെ എസ് 90 സെഡാന്‍ ഇത്തരം സുരക്ഷാ സംവിധാനങ്ങളോടെയാണ് എത്തുക. റഡാര്‍ അധിഷ്ഠിത സുരക്ഷാ സംവിധാനത്തോടെ ഇറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ കാറും ഇതായിരിക്കും. അതേസമയം നിലവിലുള്ള എക്‌സ് സി 90 എസ്.യു.വികളിലെ റഡാര്‍ സുരക്ഷാ സംവിധാനങ്ങള്‍ ആക്ടീവ് ആക്കുന്നതിനെക്കുറിച്ചും വോള്‍വോ ചിന്തിക്കുന്നുണ്ട്. നിലവിലുള്ള കാറുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഇത് സാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
റോഡുകളിലെ സുരക്ഷയ്ക്ക് റഡാര്‍ സാങ്കേതികവിദ്യയും
വാഹനങ്ങളില്‍ റഡാര്‍ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ വഴിതെളിയുന്നു. ചില റഡാര്‍ ഫ്രീക്വന്‍സികള്‍ ഓട്ടോമൊബൈല്‍ രംഗത്ത് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണിത്. 2015ല്‍ ആണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. നേരത്തേ ഈ ഫ്രീക്വന്‍സികള്‍ ടെലികോം വകുപ്പിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു.
റഡാര്‍ ബേസ്ഡ്‌സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തിനായി ചില ലോഫ്രീക്വന്‍സി ബാന്‍ഡുകള്‍ ഉപയോഗിക്കുന്നതിനായാണു സര്‍ക്കാര്‍ നിലവില്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, മുന്നിലുള്ള വാഹനവുമായി സ്വയം ദൂരം ക്രമീകരിക്കുന്ന ഓട്ടോമാറ്റിക് ക്രൂയിസ് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ളവ റഡാര്‍ ബേസ്ഡ്‌സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തിനു കീഴിലാണു പ്രവര്‍ത്തിക്കുന്നത്. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള വിഡിയോ സെന്‍സര്‍കാമറ വഴിയാണ് ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് പ്രവര്‍ത്തിക്കുന്നത്. മുന്നിലുള്ള വാഹനവുമായോ മറ്റെന്തെങ്കിലുമായോ വാഹനം ഇടിക്കുന്ന ഘട്ടം വന്നാല്‍ ഡ്രൈവര്‍ ബ്രേക്കിട്ടില്ലെങ്കിലും കാര്‍ ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുകയാണു ചെയ്യുന്നത്. വസ്തുവുമായുള്ള ദൂരം കാമറയിലുള്ള 3ഡി മെഷര്‍മെന്റ് സംവിധാനം വഴി കണക്കാക്കിയാണ് വാഹനം ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."