ഉത്തരാഖണ്ഡിനു ശേഷം അരുണാചലിലും കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി. അരുണാചലില്‍ പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ചു കൊണ്ടാണ് അഞ്ചംഗ സുപ്രിം കോടതി ബെഞ്ചിന്റെ വിധി.
ജനുവരി 26 മുതല്‍ അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിലെ 47 എം.എല്‍.എമാരില്‍ 21 പേര്‍ വിമതരായി പോയതിനുശേഷമാണ് വിവാദ സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഗവര്‍ണര്‍ ജെ.പി രാജ്‌ഖോവയുടെ നേതൃത്വത്തില്‍ വിമതരെയും പ്രതിപക്ഷ അംഗങ്ങളെയും ചേര്‍ത്ത് പുറത്ത് വേറെ നിമയസഭ വിളിച്ചുചേര്‍ക്കുകയായിരുന്നു.
ഇതില്‍ മുഖ്യമന്ത്രി തുകിയെയും സ്പീക്കര്‍ നബാം റേബിയയെയും നീക്കിയതായും പ്രഖ്യാപിച്ചു. പിന്നാലെ ഫെബ്രുവരി 19ന് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം കാലിഖോ പുല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. 20 കോണ്‍ഗ്രസ് വിമത എം.എല്‍.എമാരുടെയും 11 ബി.ജെ.പി എം.എല്‍.എമാരുടെയും പിന്തുണയോടെയായിരുന്നു ഇത്.
ഗവര്‍ണറുടെ ഈ നടപടിക്കെതിരെ സ്പീക്കര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതംഗീകരിച്ചു കൊണ്ടാണ് സുപ്രിം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. ഡിസംബര്‍ ഒന്‍പതിനുശേഷം അരുണാചല്‍ നിയമസഭ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കിക്കൊണ്ടായിരുന്ന കോടതി വിധി.
നേരത്തെ ഉത്തരാഖണ്ഡിലും സമാന സംഭവം ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ കോടതി വിധി വരികയും ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിലൂടെ വീണ്ടും അധികാരത്തിലേറുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."