പൊലിസ് സ്റ്റേഷനില്‍നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍
എരുമപ്പെട്ടി: എരുമപ്പെട്ടി പൊലിസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ പൊലിസ് പിടികൂടി. കടങ്ങോട് പള്ളിമേപ്പുറം പുതുവീട്ടില്‍ ഹുസൈനെന്ന് വിളിക്കുന്ന ഹാഷിമാണ് പൊലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പൊലിസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാള്‍ പിടിയിലായത്.
ഗര്‍ഭിണിയായ ഭാര്യ ജാസ്മിന്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭര്‍ത്താവായ ഹാഷിമിനെ പൊലിസ് അറസ്റ്റ് ചെയ്തത്. നാല് മാസം മുന്‍പ് വിവാഹിതയായ ജാസ്മിയെ ഹാഷിം നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്ത് കഴിഞ്ഞ 21 നാണ് ഭര്‍തൃ ഗൃഹത്തിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചത്.
വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ മുതല്‍ തന്നെ ഹാഷിം ജാസ്മിയെ ക്രൂരമായി പീഢിപ്പിച്ചിരുന്നുവെന്നുള്ള ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിന്‍ വെള്ളിയാഴ്ചയാണ് കുന്നംകുളം അസിസ്റ്റന്റ് കമ്മിഷ്ണര്‍ പി. വിശ്വംഭരന്റെ നേതൃത്വത്തില്‍ പൊലിസ്് ഇയാളെ അറസ്റ്റ് ചെയ്തത്.
മേല്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എരുമപ്പെട്ടി സ്റ്റേഷനില്‍ എത്തിച്ച പ്രതി പൊലിസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.എസ്.ഐ. അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തായിരുന്നതിനാല്‍ രണ്ട് വനിത പൊലിസ് ഉദ്യോഗസ്ഥരും റൈറ്ററും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്.
ലോക്കപ്പിലായിരുന്ന പ്രതി ടോയ്‌ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെടുകയും പുറത്തിറക്കിയ തക്കത്തില്‍ വനിത പൊലിസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് എസ്.ഐ. സുബിന്തിന്റെ നേതൃത്വത്തില്‍ പൊലിസ് നടത്തിയ തിരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ നെല്ലുവായ് ധന്വന്തരി ക്ഷേത്ര പരിസരത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്.
കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനും വനിത പൊലിസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."