തലസ്ഥാനത്തെ കുടിവെള്ളപ്രശ്‌നം നെയ്യാറില്‍ നിന്ന് ജലമെത്തിക്കാനുള്ള സാധ്യത പരിശോധിക്കും: മന്ത്രി
തിരുവനന്തപുരം: തലസ്ഥാനഗരത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നെയ്യാറില്‍നിന്ന് അരുവിക്കരയിലേക്ക് ജലമെത്തിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ്. തലസ്ഥാനത്തേക്കുള്ള കുടിവെള്ള സ്രോതസായ പേപ്പാറ ഡാം സന്ദര്‍ശിച്ച് ജലനിരപ്പും ജലവിതരണ സാധ്യതകളും പരിശോധിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ അവസ്ഥയാണുള്ളതെന്നും ഡാമില്‍ മെയ് പകുതിവരെ വിതരണത്തിനുള്ള വെള്ളമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
നഗരത്തില്‍ വേനല്‍ക്കാലത്ത് പരമാവധി ദിവസം ജലവിതരണം ഉറപ്പാക്കാനായി പമ്പിങ്ങില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. പേപ്പാറ ഡാമില്‍ നിന്ന് ലഭിക്കുന്ന ജലം ഉപയോഗിച്ച് അരുവിക്കര നിന്ന് നഗരത്തിലേക്കുള്ള പമ്പിങിലെ നിയന്ത്രണമാണ് ഇന്ന് ആരംഭിക്കുക. ഇതുവഴി പമ്പിങില്‍ 25 ശതമാനം കുറവ് വരും. ജലവിഭവ സെക്രട്ടറി ഇതുസംബന്ധിച്ച് കലക്ടര്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി ക്രമീകരണങ്ങളും വിവിധ വകുപ്പുമായുള്ള ഏകോപനവും ഉറപ്പാക്കും.
മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആശുപത്രികളില്‍ ജലലഭ്യതയ്ക്ക് കുറവ് ഉണ്ടാകാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
നെയ്യാര്‍ ഡാമില്‍നിന്ന് ജലം അരുവിക്കര ഡാമില്‍ എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. നെയ്യാര്‍ ഡാമില്‍ നിന്ന് ജലമെത്തിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ പണം പ്രശ്‌നമാക്കാതെ അത് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. വെള്ളം പാഴായിപ്പോകാതിരിക്കാന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണ ആവശ്യങ്ങള്‍ക്കും വാഹനം കഴുകാനും ഒരു കാരണവശാലും കുടിവെള്ളം ഉപയോഗിക്കരുത്.
എവിടെ ജലമോഷണം കണ്ടെത്തിയാലും കര്‍ശന നടപടിയെടുക്കും. അത്തരക്കാരുടെ കണക്ഷന്‍ റദ്ദാക്കി കേസെടുക്കും.ഉച്ചയ്ക്ക് രണ്ടരയോടെ പേപ്പാറയിലെത്തിയ മന്ത്രി, റിസര്‍വോയറിലെ ജലനിരപ്പ്, ജലവിതരണസംവിധാനങ്ങള്‍ തുടങ്ങിയവ നേരില്‍ കണ്ട് മനസിലാക്കി. ജലവിഭവവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജല അതോറിറ്റി എം.ഡി എ. ഷൈനാമോള്‍, ടെക്‌നിക്കല്‍ മെമ്പര്‍ ടി. രവീന്ദ്രന്‍, ചീഫ് എന്‍ജിനീയര്‍ (സൗത്ത്) ജി. ശ്രീകുമാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ലീന, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ജോണ്‍ മോറിസ്, സുരേഷ് ചന്ദ്രന്‍, അനിത തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."