മത്സ്യസമ്പത്ത് കുറഞ്ഞു; ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍
തുറവൂര്‍: മത്സ്യസമ്പത്ത് കുറഞ്ഞതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. ജലമലീനീകരണം രൂക്ഷമായതോടെയാണ് മത്സ്യസമ്പത്ത് കുറഞ്ഞത്.
സംസ്ഥാനത്ത് അരലക്ഷം പേര്‍ നേരിട്ടും മൂന്നര ലക്ഷം പേര്‍ പരോക്ഷമായും ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. കായലുകളിലും തോടുകളിലും മത്സ്യസമ്പത്ത് കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു. പല മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണ്. ധാരാളമായി ലഭിച്ചിരുന്ന കാരി, വരാല്‍, പൂളാന്‍, പള്ളത്തി, ചെമ്പല്ലി, കരുവാ, പരല്‍, മുള്ളന്‍കണ്ണി തുടങ്ങിയവ ചുരുങ്ങിയ അളവില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
നാട്ടിന്‍പുറത്തെ മത്സ്യ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിച്ചിരുന്ന കരിമീനിനും ക്ഷാമമാണ്. വേമ്പനാട് കായലിലും മത്സ്യസമ്പത്ത് കുറയുന്നതായാണ് പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. കേരളത്തില്‍ 1,80,000 മില്യണ്‍ ടണ്‍ ഉള്‍നാടന്‍ ജലശേഖരങ്ങള്‍ ഉണ്ടായിരുന്നിടത്താണ് ഇപ്പോള്‍ 300 മില്യണ്‍ മാത്രമാണുള്ളത്. ജലാശയങ്ങളിലെ പോള നീക്കാന്‍ ഒരോ വര്‍ഷവും സര്‍ക്കാരും ഫിഷറിസ് വകുപ്പും ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയുന്നില്ല.
ദൈനംദിനം മത്സ്യം പിടിച്ച് ഉപജീവനം നടത്തിയിരുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ വരുമാനം കുറഞ്ഞതോടെ മറ്റ് തൊഴില്‍ മേഖലകളിലേക്ക് ചേക്കേറുകയാണ്. പൊതുതോടുകളും കായലുകളും മാലിന്യം നിറഞ്ഞ് അഴുകിയതോടെ ജലത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ട് ദുര്‍ഗന്ധപുരിതമായി. ജലാശയങ്ങളില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയായിട്ടും അധികൃതര്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
വേമ്പനാട് കായലിന്റെ കൈവഴികളായ കൈതപ്പുഴ കായല്‍, കുത്തിയതോട് കായല്‍, കുറുമ്പില്‍ കായല്‍, ദേശത്തോട്, തഴുപ്പ്കായല്‍, ചന്തിരൂര്‍തോട്, തൈക്കാട്ടുശേരി കായല്‍, കാക്കത്തുരുത്ത് കായല്‍ എന്നിവിടങ്ങളില്‍ ചെമ്മീന്‍ സംസ്‌കരണ കയറ്റുമതി സ്ഥാപനങ്ങളില്‍ നിന്ന് നേരിട്ട് പൈപ്പുകളിലൂടെ നിയന്ത്രണവുമില്ലാതെ പുറംതള്ളുന്ന മലിനജലവും രാസമാലിന്യങ്ങളും മത്സ്യസമ്പത്തിന് വന്‍ ഭീഷണിയാണ്. കൊടും ചൂടും മത്സ്യസമ്പത്തിന് വിനയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."