പണമില്ലാത്തപ്പോഴും പാഴ്‌ച്ചെലവുകള്‍
ലോകമെമ്പാടും കൊവിഡ് ബാധയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ തന്നെ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. കൊവിഡിനൊപ്പം പൊരുതുകയാണ് മുന്നിലുള്ള വഴി. തടഞ്ഞു നിര്‍ത്താനുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനായി രാഷ്ട്രങ്ങള്‍ പലതും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴും നില ഇതാണ്. മിക്ക രാഷ്ട്രങ്ങളിലുമെന്നപോലെ ഗള്‍ഫ് നാടുകളിലും രോഗബാധയും മരണങ്ങളും നിര്‍ബാധം നടക്കുന്നു എന്നു നാം വായിക്കുന്നു. പ്രവാസികള്‍ക്ക് ശമ്പളംപോലും കിട്ടാതെ ഇരിക്കുമ്പോഴും അതിന്റെ ഗൗരവം അറിയാതെ ചിലരെങ്കിലുമുണ്ടെന്നത് നമ്മുടെ നിര്‍ഭാഗ്യം. എന്നാല്‍ കൊവിഡ് വ്യാപനത്തിനിടെയും മെച്ചപ്പെട്ട ചികിത്സയും റേഷനും, ക്വാറന്റൈന്‍ സൗകര്യവും എല്ലാം പ്രഖ്യാപിച്ച് കേരളം ലോകത്തിന്റെ കൈയടികള്‍ വാങ്ങി. 20,000 കോടിരൂപയുടെ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ ഒറ്റയടിക്ക് പ്രഖ്യാപിച്ചത്. നികുതി വരവില്ല, ചരക്കു സേവന നികുതിയില്ല, തൊഴില്‍ രഹിതരായി പ്രവാസി ലക്ഷങ്ങള്‍ കൂട്ടത്തോടെ മടങ്ങി വരാന്‍ തുടങ്ങിയതോടെ അവരില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ വരവും നിലച്ചു. മദ്യവില്‍പനയിലൂടെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താമെന്ന കണക്കു കൂട്ടലിലായിരുന്നു സര്‍ക്കാര്‍. അതിനായി ബെവ്ക്യു എന്ന ഒരു സംവിധാനത്തിനു രൂപം നല്‍കി. എന്നാല്‍ ഷാപ്പുകള്‍ തുറക്കാനും പാഴ്‌സലായി മദ്യം വിളമ്പാനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഈ ബെവ്ക്യു ശ്രമങ്ങള്‍ 200 കോടിയോളം രൂപയുടെ നഷ്ടത്തോടെയാണ് തുടങ്ങിയത്.
വലിയ പ്ലാനിട്ടെങ്കിലും ഒരാഴ്ച ആപ്പ് വഴി ടോക്കണ്‍ നല്‍കാനുള്ള കാത്തിരിപ്പ് ബിവറിജസ് കോര്‍പ്പറേഷനു ദിവസം നാല്‍പത് കോടിവരെ നഷ്ടപ്പെടുത്തുകയായിരുന്നു. ഷാപ്പുകള്‍ പൂട്ടിക്കിടന്നതിനാല്‍ 2000 കോടി രൂപയുടെ നഷ്ടമുണ്ടായ സര്‍ക്കാരിനു ഈ 200 കോടി രൂപയുടെയും നഷ്ടം പേറേണ്ടിവന്നു. മാസംതോറും 4500 കോടിയോളം രൂപ പലവകയില്‍ വരുമാനം ലഭിച്ചുകൊണ്ടിരുന്ന കേരളം, മാസം 6000 കോടിയുടെ ചെലവ് നടത്താന്‍ വഴി കാണാതെ വലഞ്ഞു. ശമ്പളം നല്‍കാന്‍ തന്നെ 2400 കോടി രൂപ വേണം. പെന്‍ഷന്‍ നല്‍കാന്‍ 300 കോടി വേറെയും. ഇതിനകം റിസര്‍വ് ബാങ്കില്‍നിന്നു 10,430 കോടി രൂപ കടമെടുത്ത സര്‍ക്കാര്‍ 1500 കോടി രൂപ കൂടി അടിയന്തര വായ്പയായി എടുത്തിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. എന്നിട്ടും എവിടെയും എത്താതെ നില്‍ക്കുന്നു, സംസ്ഥാന ഭരണകൂടം.
മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും സ്വയം ശമ്പളം വെട്ടിക്കുറച്ചപോലെ സ്പീക്കറും ഗവര്‍ണറുമെല്ലാം ആ ദൗത്യത്തില്‍ പങ്കുചേരുകയുണ്ടായി. എന്നാല്‍ ഈ വെട്ടിച്ചുരുക്കല്‍ മാത്രം മതിയോ? ശമ്പളത്തില്‍ കുറവ് വരുമെന്നു കേട്ടതോടെ വായ്പാ മൊറട്ടോറിയത്തില്‍ അഭയം പ്രാപിച്ചവരാണ് നാം. ധനകാര്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് തയാറെടുക്കുന്നുവെന്നു കേട്ടപ്പോള്‍ തന്നെ ഫിനാന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി തുക പിന്‍വലിക്കാന്‍ രംഗത്ത് വരികയുമുണ്ടായി. വന്‍കിട പദ്ധതികള്‍ ഉപേക്ഷിച്ചും ബജറ്റില്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ മരവിപ്പിച്ചും തങ്ങളാല്‍ ആവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാനും തസ്തികകള്‍ വെട്ടിക്കുറക്കാനും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടക്കം, സര്‍ക്കാര്‍ സംഭരിച്ച കോടികള്‍ എവിടെപ്പോയി? വിവരാവകാശ നിയമ പ്രകാരമുള്ള അന്വേഷണങ്ങള്‍ക്കുപോലും നിയന്ത്രണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ മഹാപ്രളയകാലത്ത് ശേഖരിച്ച ഫണ്ടില്‍ തന്നെ കൃത്രിമങ്ങള്‍ നടന്നതായി വെളിപ്പെട്ട നിലക്ക് കൊവിഡിനുശേഷം, കേരളത്തില്‍ ഒരു വെല്‍ത്ത് ചെക്കപ്പ് വേണമെന്ന ആവശ്യം പോലും ഉയര്‍ന്നിട്ടുമുണ്ട്. എം.എല്‍.എമാരുടെ സെക്രട്ടറിമാരാകുന്നവര്‍ക്ക് പോലും പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഈ ജനപ്രതിനിധികള്‍ തന്നെ, ശരിക്കും വിചാരിച്ചാല്‍ രക്ഷപ്പെടുത്തി എടുക്കാന്‍ കഴിയുന്നതല്ലേ, നമ്മുടെ സാമ്പത്തികരംഗം. പാര്‍ലമെന്റംഗത്വവും നിയമസഭാംഗത്വവും ഒരു തൊഴിലല്ലാത്തതിനാല്‍ അവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഒരാള്‍ സുപ്രിം കോടതിയില്‍ തന്നെ ഹര്‍ജി ഫയല്‍ ചെയ്തത് ഓര്‍ക്കുന്നു. അത് മുന്‍ അംഗങ്ങളുടെ കാര്യമാണെങ്കില്‍ പാര്‍ലമെന്റിലും അസംബ്ലികളിലും അംഗങ്ങളായവരുടെ കഥയോ? ലോക്‌സഭയില്‍ 545 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമുണ്ട് നമുക്ക്. വിവിധ സംസ്ഥാനങ്ങളിലായി 4120 എം.എല്‍.എമാരും. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഇവര്‍ക്ക് താമസം, യാത്ര, ഫോണ്‍, കാന്റീന്‍ ഭക്ഷണം എന്നിവയൊക്കെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അഞ്ചു ലക്ഷം രൂപ വീതം കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാവില്ലേ? എങ്കില്‍ അതുതന്നെ 25,000 കോടി രൂപയോളം വരും.
ആരോഗ്യ പരിപാലനത്തിലും വിദ്യാഭ്യാസ കാര്യത്തിലും ഒക്കെ മാതൃക കാണിക്കുന്ന സംസ്ഥാനം എന്ന ബഹുമതി നേടിക്കഴിഞ്ഞ കേരളത്തിന് ഇക്കാര്യത്തിലും ഒരു മാതൃക കാണിച്ചുകൂടെ? പക്ഷെ ചെലവ് ചുരുക്കാന്‍ മറ്റുള്ളവരോട് പറയുന്ന കേരള സര്‍ക്കാര്‍ സ്വന്തം കാര്യത്തില്‍ അതൊക്കെ കാറ്റില്‍ പറത്തുന്നു. 2016 ജൂലൈയില്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത താറുമാറായിക്കിടക്കുകയാണെന്നു പറഞ്ഞിരുന്നതാണ്. കൊവിഡ് ബാധയോടെ സൗജന്യറേഷന്‍ നല്‍കാനും രോഗികളെ ഐസലേഷനില്‍ ആക്കാനുമൊക്കെയായി പിന്നാലെവന്ന കോടികള്‍ സര്‍ക്കാരിനെ പിടിമുറുക്കിക്കെട്ടി. അപ്പോഴും എവിടെനിന്നു സംഭരിക്കുമെന്നറിയാതെ 2000 കോടി രൂപയുടെ ബാധ്യത സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിക്കുകയായിരുന്നു. ആദ്യമൊക്കെ സംശയിച്ചു നിന്ന കേന്ദ്ര ഗവണ്‍മെന്റ് പില്‍ക്കാലത്ത് എല്ലാ സംസ്ഥാനങ്ങള്‍ക്കുമെന്നപോലെ കേരളത്തിനും സഹായം അനുവദിച്ചെങ്കിലും രക്ഷപ്പെടാനാവാത്ത നിലയിലായി സംസ്ഥാനം.
ശമ്പളം പിടിച്ചുവയ്ക്കലും സാലറി ചലഞ്ചുമൊക്കെയായി സംസ്ഥാനം നടത്തിയ പൊടിക്കൈകളും കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പൂര്‍ണ വിജയം കൈവരിക്കാനാവാതെ പോയി. ഏപ്രിലില്‍ ചെയ്തതുപോലെ കോടികള്‍ കടമെടുത്താലും, ഒമ്പത് ശതമാനം പലിശ നല്‍കേണ്ടിവരുമ്പോള്‍ നാം കുത്തുപാള എടുക്കേണ്ടിവരും. വായ്പാ നയത്തില്‍ ഉദാരവല്‍ക്കരണം വേണമെന്ന കേരളത്തിന്റെ ആവശ്യം ബാങ്കുകള്‍ നിരാകരിക്കുകയും ചെയ്തിരിക്കുകയാണ്. ഈ മഹാരോഗത്തെ ചെറുക്കാനുള്ള സര്‍ക്കാറിന്റെ ധാര്‍മ്മികയുദ്ധത്തില്‍ വ്യക്തികളും സംഘടനകളും പ്രസ്ഥാനങ്ങളുമൊക്കെ മത്സരബുദ്ധ്യാതന്നെ അണിനിരക്കുന്നത് നമുക്കു കാണാന്‍ കഴിയുകയുണ്ടായി. ദേവസ്വം ബോര്‍ഡും വഖ്ഫ് ബോര്‍ഡും ആരാധനാലയങ്ങളും മാത്രമല്ല, സര്‍ക്കാര്‍ നീക്കങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിച്ചുവന്നിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുതല്‍ വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍വരെ സജീവമായി രംഗത്ത് വരികയുണ്ടായി. ചെലവുകള്‍ ചുരുക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായി സമിതിയെ നിയോഗിച്ചപ്പോള്‍പോലും, ആ കമ്മിറ്റിയുടെ ചെലവുകള്‍കൂടി വഹിക്കേണ്ടിവന്ന നിലയിലായി സര്‍ക്കാര്‍. വീണ്ടുമൊരു മുഖ്യമന്ത്രിപദത്തിനു നറുക്കെടുക്കാന്‍ ഒരുങ്ങിവന്ന വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കാര കമ്മിഷന്‍ എന്ന പേര് നല്‍കി, കുടിയിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.
വിദ്യാഭ്യാസ വകുപ്പിനു മാത്രമായുള്ള രണ്ടു പേരടക്കം പ്രഗത്ഭരായ ഒട്ടേറെപ്പേരെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപവല്‍ക്കരിച്ച സംസ്ഥാനമാണ് നമ്മുടേത്. എന്നിട്ടും മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കാന്‍ നിരവധി പേരെയാണ് നിയോഗിച്ചിരിക്കുന്നത്. പൊതുസമ്പര്‍ക്ക പരിപാടികള്‍ക്കായി ഒന്നല്ല, രണ്ടുപേരാണുള്ളത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മിക്കാനായി കോടികള്‍ ചെലവഴിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളാണ് പിന്തുടരുന്നത് എങ്കില്‍ നമ്മുടെഗതി ചേട്ടന്‍ബാവ, അനിയന്‍ബാവ എന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."