തലയോലപറമ്പ്-പാലാംകടവ് റോഡ് തകര്‍ന്നു: ഗതാഗതം ദുഷ്‌കരമായി
വൈക്കം:തലയോലപ്പറമ്പ്-പാലാംകടവ് റോഡ് തകര്‍ന്നതോടെ ഗതാഗതം ദുഷ്‌കരമായി. അപകടം പതിവായിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
നഗരമധ്യത്തിലെ പ്രധാന റോഡുകളിലൊന്നായ കെ.ആര്‍ സ്ട്രീറ്റ് പാലാംകടവ് റോഡാണ് തകര്‍ന്നു ഗതാഗതം ദുഷ്‌കരമായിരിക്കുന്നത്. ടാറിങ് പൊളിഞ്ഞ് മെറ്റില്‍ ഇളകി രൂപപ്പെട്ടിരിക്കുന്ന വന്‍ കുഴികളില്‍ അപകടങ്ങളും പതിവാണ്. മാര്‍ക്കറ്റിലേയ്ക്ക് സാധനങ്ങള്‍ വാങ്ങനെത്തുന്നവരും, തിരികെ പോകുന്നവരുമാണ് റോഡിന്റെ ശോചനാവസ്ഥയില്‍ ഏറെ ദുരിതത്തിലായിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ ജങ്ഷനില്‍ വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കോട്ടയം-എറണാകുളം റോഡില്‍ തലയോലപ്പറമ്പില്‍ നിന്നും നീര്‍പ്പാറയിലേക്ക് എളുപ്പമെത്താന്‍ ആളുകള്‍ കൂടുതലാശ്രയിക്കുന്നതും ഈ റോഡിനെയാണ്. റോഡ് നന്നാക്കണമെന്ന് നാട്ടുകാരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചെറിയ അറ്റകുറ്റപണികള്‍ ചെയ്യുമെന്നതൊഴിച്ചാല്‍ പഞ്ചായത്ത് ഈ റോഡിലേയ്ക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി.
മാര്‍ക്കറ്റിനുള്ളിലെ സ്ഥിതിയും മറിച്ചല്ല, നടുറോഡില്‍ പോലും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികളില്‍ വീണു ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. റോഡിലെ മെറ്റല്‍ ഇളകിക്കിടക്കുന്നതിനാല്‍ ഇവ വാഹനങ്ങളുടെ ടയറുകളില്‍ തട്ടി സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേയ്ക്ക് തെറിക്കുന്നതും പതിവായിരിക്കുകയാണ്.റോഡിന്റെ ശോച്യാവസ്ഥ വഴിയോരക്കച്ചവടക്കാരെയും ദുരിതത്തിലാക്കിയിട്ടുണ്ട്. റോഡിന്റെ ദുരവസ്ഥ തന്നെയാണ് മാര്‍ക്കറ്റിലെ ഗാതാഗതക്കുരുക്കിന് പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത് .അടിയന്തരമായി റോഡ് നന്നാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."