നൂറണി സ്കൂള്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ഫുട്ബോള്‍ മൈതാനം ഉദ്ഘാടനം ചെയ്തു
പാലക്കോട്: നൂറണി സ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ച ജില്ലയിലെ ആദ്യ സിന്തറ്റിക് ആര്‍ട്ടിഫിഷ്യല്‍ ഫുട്ബോള്‍ മൈതാനം കായിക-യുവജനക്ഷേമ-വ്യവസായ മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്തു. നൂറണി ഗ്രൗണ്ടിലെ സിന്തറ്റിക് ടര്‍ഫില്‍ ഗ്യാലറി നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. പാലക്കാട് ഫുട്ബോള്‍ അക്കാഡമി സ്ഥാപിക്കണമെന്ന ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആവശ്യം അനുഭാവപൂര്‍ണം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. എം.ബി രാജേഷ് എം.പി, വി.ടി. ബല്‍റാം എം.എല്‍എ, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ, ഐ.എം വിജയന്, സി.വി പാപ്പച്ചന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, എസ്.പി പ്രതീഷ് കുമാര്‍, എ.എസ്.പി പൂങ്കുഴലി, ജോബി വി. ചുങ്കത്ത് പങ്കെടുത്തു. പാലക്കാട് ഫുട്ബോള്‍ അക്കാഡമി സ്ഥാപിച്ചാല്‍ അതിന് നേതൃത്വം നല്കാന് തയ്യാറാണെന്ന് ചടങ്ങില്‍ സംബന്ധിച്ച മുന്‍ ദേശീയ ഫുട്ബോള്‍ ടീം നായകന് ബൈച്ചുങ്ങ് ബൂട്ടിയ പറഞ്ഞു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 2.54 കോടി ചെലവഴിച്ചാണ് മൈതാനത്തിന്റെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 3.19 ഏക്കര്‍ സ്ഥലത്ത് ഫിഫ നിയമപ്രകാരമുള്ള അളവ് അനുസരിച്ചാണ് മൈതാനം നിര്‍മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം സൗഹൃദ ഫുട്ബോള്‍ മത്സരവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."