ലാല്‍സലാം പറഞ്ഞാല്‍ യു.എ.പി.എ!
ഗുവാഹത്തി: രാജ്യത്ത് വിവിധ വിഷയങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ അകാരണമായി കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നുവെന്ന വിവാദങ്ങള്‍ക്കിടെ, അസമില്‍നിന്നു പുതിയ വാര്‍ത്ത. ഫേസ്ബുക്കില്‍ ലെനിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതും സുഹൃത്തുക്കളെ ലാല്‍സലാം, കോമ്രേഡ് എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതും യു.എ.പി.എ ചുമത്താന്‍ കാരണമായതായാണ് ഗുവാഹത്തിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍.ഐ.എ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ അസമില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായ ബിട്ടു സോനോവാളിനെതിരേ യു.എ.പി.എ ചുമത്തിയതിനാണ് ഇതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അസമിലെ കര്‍ഷക നേതാവായ അഖില്‍ ഗോഗോയിയുടെ അടുത്തയാളാണ് ബിട്ടു സോനോവാള്‍. ഇരുവരും മാവോയിസ്റ്റുകളാണെന്ന എന്‍.ഐ.എയുടെ വാദം ഇവരുടെ സംഘടന നിഷേധിക്കുകയാണ്.
മെയ് 29നാണ് ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ അഖില്‍ ഗോഗോയിക്കു കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും പുതിയ കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പൊലിസ് ഇദ്ദേഹത്തെ പുറത്തുവിട്ടിട്ടില്ല. ഇരുവരും മാവോയിസ്റ്റുകളാണെന്നും പലതവണ ഇത്തരം യോഗങ്ങളില്‍ പങ്കെടുത്തെന്നും കുറ്റപത്രത്തില്‍ എന്‍.ഐ.എ ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."