തൊഴിലുറപ്പിലെ പെണ്‍കരുത്തില്‍ വെള്ളിയാമറ്റത്തിന് ലഭിച്ചത് അഭൂതപൂര്‍വ ജലസമൃദ്ധി
പന്നിമറ്റം: ജല സംരക്ഷണത്തിനായി തൊഴിലുറപ്പിലെ പെണ്‍കരുത്ത് പ്രയോജനപ്പെടുത്തിയപ്പോള്‍ വെള്ളിയാമറ്റം ഗ്രാമത്തിന് ലഭിച്ചത് അഭൂതപൂര്‍വമായ ജലസമൃദ്ധി.
ജില്ലയില്‍ മറ്റൊരു പഞ്ചായത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ് വളയിട്ട കൈകളുടെ കരുത്തിലൂടെ ജലസംരക്ഷണത്തില്‍ വെള്ളിയാമറ്റം നേടിയത്. പഞ്ചായത്തിലെ ജലക്ഷാമത്താല്‍ വലയുന്ന മേഖലകളിലായി 52 കിണറുകളും എട്ട് തടയണകളുമാണ് തൊഴിലുറപ്പിലൂടെ വനിതകള്‍ നാടിന് നല്‍കിയത്. ഈ വര്‍ഷമാകട്ടെ ഇതിനോടകം 29 കിണറുകളുടെയും 22 കുളങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി.
മലയോര മേഖലകളിലെ ഉറവക്കുഴികളില്‍ നിന്നും സുലഭമായി ലഭിച്ചിരുന്ന വെള്ളം ആവശ്യത്തിന് കിട്ടാതായതോടെയാണ് നാട്ടുകാര്‍ ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചത്. ഭൂരിപക്ഷവും സാധാരണക്കാരായതിനാല്‍ സ്വന്തം നിലയില്‍ കിണര്‍കുഴിക്കുന്നതിനുള്ള ശേഷിയും കൂടുതല്‍ പേര്‍ക്കും ഉണ്ടായിരുന്നില്ല. അങ്ങനെ തൊഴിലുറപ്പു പദ്ധതിയിലൂടെ കുടിവെള്ള സ്രോതസുകള്‍ നിര്‍മിക്കാന്‍ തീരുമാനമായി.
എന്നാല്‍ കിണര്‍ നിര്‍മാണ വൈദഗ്ധ്യമുള്ളവരുടെ അഭാവം പ്രശ്‌നമായി. ഇതോടെ പരിശീലനം നല്‍കി തൊഴിലുറപ്പു തൊഴിലാളികളായ വനിതകളെ രംഗത്തിറക്കി. നിര്‍മാണം പൂര്‍ത്തിയായ കിണറുകള്‍ക്ക് കല്ലുകെട്ടുന്നതിനു മാത്രമേ പുരുഷന്മാരുടെ സേവനം ഉപയോഗിക്കേണ്ടി വന്നുള്ളു. ഇവര്‍ കുഴിച്ച കിണറുകളിലെല്ലാം സമൃദ്ധമായി വെള്ളമുണ്ടെന്നതാണ് മറ്റൊരു നേട്ടം. 3380 തൊഴില്‍ ദിനങ്ങളാണ് 52 കിണറുകള്‍ക്കായി കഴിഞ്ഞ വര്‍ഷം വിനിയോഗിച്ചത്. ആകെ ചെലവിട്ടത് 19,76000രൂപ. 220 വനിതകള്‍ കിണര്‍ നിര്‍മാണരംഗത്തിറങ്ങിയപ്പോള്‍ 21 പുരുഷന്മാരുടെ സേവനം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി. ഇതിനു പുറമെ വടക്കനാറിന് കുറുകെ എട്ട് തടണകളുമുണ്ടാക്കി. ഇവയില്‍ നാലെണ്ണത്തിന് കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് ഭിത്തി നിര്‍മിക്കുകയും ചെയ്തു. കൃഷിക്കനുയോജ്യമായ നാല് കുളങ്ങളും ഇവയിലുള്‍പ്പെടുന്നു. 64തൊഴിലാളികള്‍ 61 ദിവസംകൊണ്ടാണ് തടയണകള്‍ നിര്‍മിച്ചത്. ഇതു കൂടാതെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2250 മീറ്റര്‍ കയ്യാലകളും വെള്ളിയാമറ്റത്തിന് നിര്‍മിച്ചുനല്‍കി ഈ തൊഴിലുറപ്പ് കൂട്ടായ്മ. എല്ലാ വര്‍ഷവും കുടിവെള്ളത്തിന് നെട്ടോട്ടമോടിയിരുന്ന ഈ പ്രദേശം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയതിലൂടെ കുടിവെള്ളത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."