സിന്ധ്യ ത്രിശങ്കുവില്‍?
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനവും രാജ്യസഭാ തെരഞ്ഞെടുപ്പും 24 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കാനിരിക്കേ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ, പാര്‍ട്ടി തന്നെ പരിഗണിക്കാത്തതില്‍ നിരാശനാണെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെ, സിന്ധ്യയോടുള്ള എതിര്‍പ്പ് കാരണം നേരത്തെ പാര്‍ട്ടി വിട്ടവരെയെല്ലാം തിരികെയെത്തിക്കുകയാണ് കോണ്‍ഗ്രസ്.
കഴിഞ്ഞ ദിവസം മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ബാലേന്ദു ശുക്ലയെ കോണ്‍ഗ്രസ് ഇത്തരത്തില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിച്ചിരുന്നു. 2008ല്‍ സിന്ധ്യയുമായുള്ള അഭിപ്രായവ്യത്യാസം കാരണം പാര്‍ട്ടിവിട്ട ഇദ്ദേഹം പിന്നീട് ബി.ജെ.പിയിലായിരുന്നു. സിന്ധ്യയുടെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്നു മാധവറാവു സിന്ധ്യയുടെ അടുപ്പക്കാരന്‍കൂടിയായിരുന്നു ബാലേന്ദു ശുക്ല. ഇത്തരത്തില്‍, സിന്ധ്യയെ എതിര്‍ത്തിരുന്ന നിരവധി പേര്‍ അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നാണ് വിവരം.
സിന്ധ്യയ്ക്കും കൂടെ കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാര്‍ക്കും കൂടുതല്‍ പരിഗണന നല്‍കുന്നെന്നാരോപിച്ച് ബി.ജെ.പിയിലും കലാപം തുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം നീളുന്നതിന് ഇതും പ്രധാന കാരണമാണ്. ഈയിടെ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ് വിട്ട ചിലര്‍, ബി.ജെ.പിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമായി രംഗത്തുവരികയും തിരികെപ്പോകുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്.
കോണ്‍ഗ്രസ് വിട്ടെത്തിയ തനിക്കും അനുയായികള്‍ക്കും ബി.ജെ.പി അര്‍ഹിച്ച പരിഗണന നല്‍കിയില്ലെന്നു സിന്ധ്യയ്ക്കും പരാതിയുള്ളതായാണ് വിവരം. എന്നാല്‍, മധ്യപ്രദേശില്‍ 19ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യ ബി.ജെ.പി സ്ഥാനാര്‍ഥിയാണ്. അതേസമയം, തന്റെ ട്വിറ്റര്‍ ബയോയില്‍നിന്നു സിന്ധ്യ ബി.ജെ.പിയുമായുള്ള ബന്ധം എഡിറ്റ് ചെയ്ത് ഒഴിവാക്കിയെന്നും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍, പിന്നീട് സിന്ധ്യതന്നെ ഇതു നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, ഇത്തരത്തില്‍ ട്വിറ്ററില്‍നിന്നു കോണ്‍ഗ്രസ് ബന്ധം ഒഴിവാക്കിയതിനു പിന്നാലെയായിരുന്നു സിന്ധ്യ പാര്‍ട്ടി വിട്ടിരുന്നത്. സിന്ധ്യ പക്ഷത്തിന്റെ പിന്തുണയില്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ ബി.ജെ.പിക്ക് എത്രയെണ്ണം നേടാനാകുമെന്നത് കണ്ടറിയേണ്ടിവരും. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായാല്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ താഴെവീഴുകയും ചെയ്യും.
'ട്വിറ്ററില്‍ മാറ്റമില്ല; വാര്‍ത്ത വ്യാജം'
ഭോപ്പാല്‍: തന്റെ ട്വിറ്റര്‍ ബയോയില്‍നിന്നു ബി.ജെ.പി ബന്ധം നീക്കം ചെയ്‌തെന്ന വാര്‍ത്തയ്ക്കു പിന്നാലെ അതു നിഷേധിച്ച് സിന്ധ്യതന്നെ രംഗത്ത്. കഴിഞ്ഞ ദിവസമാണ് സിന്ധ്യ ട്വിറ്റര്‍ പ്രൊഫൈലില്‍നിന്നു ബി.ജെ.പി ബന്ധം ഒഴിവാക്കിയെന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്.
ഇതോടെ, ബി.ജെ.പിയുടെ അവഗണനയില്‍ പ്രതിഷേധിച്ച് സിന്ധ്യ കോണ്‍ഗ്രസിലേക്കു മടങ്ങുകയാണെന്നുവരെ ഊഹോപോഹമുണ്ടായതിനു പിന്നാലെയാണ് സിന്ധ്യതന്നെ ഇക്കാര്യം വിശദീകരിച്ച് രംഗത്തെത്തിയത്.
വാര്‍ത്ത നിഷേധിച്ച സിന്ധ്യ, വ്യാജ വാര്‍ത്തകള്‍ സത്യത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നെന്നായിരുന്നു ട്വീറ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."