ചേന്ദങ്കിരി പാടം റോഡ് ചളിക്കുഴിയായി: യാത്ര ദുഷ്കരമായി
പുത്തന്‍ചിറ: ഗ്രാമപഞ്ചായത്തിലെ ചേന്ദങ്കിരി പാടം റോഡ് ചളിക്കുഴിയായി യാത്ര ദുഷ്കരമാകുന്നു. ഇത് വഴി കാല്‍നടയും ഇരുചക്ര വാഹന യാത്രയും ക്ലേശപൂര്ണമായിരിക്കുകയാണ്.
പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ കുന്നത്തേരിയേയും ചേര്യേക്കരയേയും ബന്ധിപ്പിക്കുന്നതാണ് ചേന്ദങ്കിരി പാടം റോഡ്. മഴക്കാലമായതോടെയാണ് ചേന്ദങ്കിരി പാടം റോഡില്‍ ചളിനിറഞ്ഞു പ്രദേശ വാസികളുടെ യാത്ര ദുരിത പൂര്‍ണമായി തീര്‍ന്നത്.
പാടത്തിന് നടുവിലൂടെയുള്ള റോഡില്‍ കാലങ്ങളായി മഴക്കാലമെത്തിയാല്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.
പ്രദേശ വാസികളുടെ ആവശ്യം പരിഗണിച്ച് 2016ല്‍ ടി.എന്‍ പ്രതാപന് എം.എല്‍.എ ആയിരിക്കുമ്പോള്‍ റോഡ് വികസനത്തിനായി 50000 രൂപ അനുവദിച്ചിരുന്നു .
അങ്ങനെയാണ് പാടത്തിന് മധ്യത്തിലൂടെയുള്ള റോഡിന്റെ ഇരു വശങ്ങളിലും കരിങ്കല്‍ ഭിത്തി നിര്‍മിച്ച് റോഡില്‍ മണ്ണിട്ട് ഉയരം വര്‍ധിപ്പിച്ചത്.
ഇതോടെ പാടത്ത് വെള്ളം നിറഞ്ഞാല്‍ വെള്ളത്തിലൂടെ നടന്ന് പോകേണ്ട ദുരവസ്ഥക്ക് പരിഹാരമായെങ്കിലും മഴ ശക്തമായതോടെ റോഡില്‍ ചളിനിറഞ്ഞ് പ്രദേശ വാസികളുടെ യാത്ര ദുരിതം ഇരട്ടിയായിരിക്കുകയാണ്.
റോഡില്‍ മണ്ണിട്ട് ഉയരം വര്‍ധിപ്പിച്ചെങ്കിലും മെറ്റലിങോ ടാറിങോ നടത്താത്തത് കാരണമാണ് റോഡില്‍ ചളിനിറഞ്ഞ് യാത്ര ദുഷ്കരമായത്.
ചേര്യേക്കര നിവാസികള്‍ ഈ റോഡിലൂടെയാണ് പുത്തന്‍ചിറ ഈസ്റ്റ് ഫെറോന ദേവാലയത്തിലേക്ക് പോകുന്നത്.
റോഡിന്റെ ശോച്യാവസ്ഥയും ജനങ്ങളുടെ യാത്ര ദുരിതവും പരിഹരിക്കുന്നതിനായി ചേന്ദങ്കിരി പാടം റോഡ് മെറ്റലിങിനും ടാറിങിനും ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."