കുതിരാന്‍ തുരങ്കം: തൊഴിലാളികള്‍ പണിമുടക്കിലേക്ക്
തൃശൂര്‍: കുതിരാനില്‍ ആദ്യ ഇരട്ടതുരങ്കപാതയിലെ ആദ്യതുരങ്കത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ന് തൊഴിലാളികള്‍ പണിമുടക്കിലേയ്ക്ക്.
കൂലിതര്‍ക്കത്തെത്തുടര്‍ന്നാണ് തൊഴിലാളികളും വാഹന ഉടമകളും പങ്കെടുക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സാമഗ്രികള്‍ എത്തിക്കാനും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വാടക നല്‍കിയിട്ട് എട്ടു മാസമായി. ഈ സാഹചര്യത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാവില്ലെന്ന് വാഹനഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മാണം ഏറ്റെടുത്ത കെ.എം.സി കമ്പനി കൂലി നല്‍കാത്തത് തൊഴിലാളികളെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതാണ് പെട്ടെന്ന് പണിമുടക്കിലേയ്ക്ക് നീങ്ങാനുള്ള സാഹചര്യം.
2017 ഒക്ടോബര്‍ മുതല്‍ക്കുള്ള തുകയാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. വിവിധ ക്രഷര്‍ യൂനിറ്റുകള്‍ക്കും തുക നല്‍കാനുണ്ട്. അഞ്ച് കോടിയിലേറെ രൂപയാണ് തൊഴിലാളികള്‍ക്ക് മാത്രം നല്‍കാനുള്ളത്.
നേരത്തെ പണം നല്‍കാത്തതിനെത്തുടര്‍ന്ന് തുരങ്കനിര്‍മാണഏജന്‍സിയായ പ്രഗതി എന്‍ജിനയറിങ് കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തോളം നിര്‍ത്തിവച്ചിരുന്നു. 40 കോടി രൂപയായിരുന്നു കുടിശിക. നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍മാണപ്രവൃത്തികള്‍ കഴിഞ്ഞ മാസം പുനരാരംഭിച്ചത്.അതിനിടെ വീണ്ടും സമരം തുടങ്ങുന്നത് തുരങ്കനിര്‍മാണം ഇനിയും ത്രിശങ്കുവിലാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കൂലി ലഭിക്കുന്നതിനായി തൊഴിലാളികള്‍ പത്ത് പ്രാവശ്യമെങ്കിലും അധികൃതരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."