കനത്ത ചൂടില്‍ കൃഷികള്‍ കരിഞ്ഞുണങ്ങുന്നു; കണ്ണീരൊഴുക്കി കര്‍ഷകര്‍
കൊച്ചി: ചൂട് ക്രമാതീതമായി കൂടിയതോടെ ജില്ലയിലെ കര്‍ഷകര്‍ ദുരിതത്തിലേക്ക്. കാര്‍ഷിക വിളകളായ വാഴ, പൈനാപ്പിള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉണങ്ങി കരിഞ്ഞ അവസ്ഥയിലാണ്.
കനാലുകളില്‍ കൂടിയുള്ള ജലസേചനവും നിലച്ചതോടെ കൃഷി അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍. നാളികേര കര്‍ഷകര്‍ക്കും കനത്ത നഷ്ടമാണ് കൊടും ചൂട് വരുത്തി വയ്ക്കുന്നത്. ലഭിക്കുന്ന നാളികേരത്തിന്റെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടില്‍ മാവ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളുടെ പൂവും കായകളും അടര്‍ന്നു വീഴുന്ന അവസ്ഥയിലാണ്. വെള്ളത്തിന്റെ ലക്ഷ്യത കുറവാണ് കൃഷി നാശത്തിനു പ്രധാന കാരണം. പ്രളയക്കെടുതിയില്‍ നിന്ന് ഒരുവിധത്തില്‍ കരകയറിയ കര്‍ഷകരെ പതിവിലും നേരത്തെയെത്തിയ കൊടുംചൂടാണ് വീണ്ടും ദുരിതത്തിലേക്കു തള്ളിയിട്ടത്. എല്ലാ വര്‍ഷവും ജനുവരി, ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ കൈനിറയെ വിളവ് നല്‍കുന്ന പൊട്ടുവെള്ളരി കൃഷിയുടെ നിലവിലെ അവസ്ഥ ഇതാണ്. എലൂര്‍ വടക്കുംഭാഗത്തെ കര്‍ഷകനായ രാമകൃഷ്ണന്‍ രണ്ടരയേക്കര്‍ പ്രദേശത്ത് കൃഷിയിറക്കിയതില്‍ വാടാതെ നില്‍ക്കുന്നത് ഇത് മാത്രം. ജലസേചന വകുപ്പ് കനാലിലൂടെ വെള്ളമെത്തിക്കാത്തതും ഇവരുടെ പ്രതിസന്ധി ഇരട്ടിയാക്കുന്നു. ജില്ലയിലെ വാഴകര്‍ഷകരും നിലനില്‍പ്പിനായി പാട് പെടുകയാണ്. കിണറുകളില്‍ വെള്ളം വറ്റിയതോടെ കുഴല്‍ കിണറുകളാണ് ആശ്രയം. പക്ഷേ ഭൂഗര്‍ഭജലത്തിന്റെ അളവിലും കുറവ് വന്നതായാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്. വേനല്‍ മഴ കനിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഇവരുടെ കാത്തിരിപ്പ്. റബര്‍ മേഖലയില്‍ ഉല്‍പാദനം കുറഞ്ഞതോടെ കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തി. ഈസ്റ്റര്‍ വിഷു വിപണി ലക്ഷ്യമിട്ട് തുടങ്ങിയ പച്ചക്കറി കൃഷികള്‍ കരിഞ്ഞു തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് കര്‍ഷകര്‍. ഇത്തവണത്തെ അപേക്ഷിച്ച് മുന്‍വര്‍ഷങ്ങളില്‍ ചൂട് കുറവായിരുന്നതും ഇടക്കിടെ കിട്ടിയിരുന്ന വേനല്‍ മഴയും കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഇത്തവണ വേനല്‍മഴ ലഭിക്കാത്തത് വിനയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."