കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കമായി
കൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കമായി.
തേവര, കോന്തുരുത്തി പ്രദേശത്ത് കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനും 24 മണിക്കൂറും വെള്ളം ഉറപ്പാക്കുന്നതിനുമായി 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല ജലസംഭരണിയാണ് നിര്‍മിക്കുന്നത്. നിര്‍മാണോദ്ഘാടനം മേയര്‍ സൗമിനി ജെയിന് നിര്‍വഹിച്ചു. തേവരയിലെ ജല അഥോറിറ്റിയുടെ ഉപയോഗശൂന്യമായ കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ജലസംഭരണി നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി 50 വര്‍ഷം പഴക്കമുള്ള ടാങ്ക് പൊളിച്ചു നീക്കും.
തേവര കുടിവെള്ള സമരസമിതി ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു പുതിയ കുടിവെള്ള ടാങ്ക്. കൊച്ചിയില്‍ നടപ്പാക്കുന്ന 327 കോടിയുടെ അമൃത് പദ്ധതിയില്‍ 124 കോടി കുടിവെള്ളത്തിനാണ് ചെലവഴിക്കുന്നത്. ശേഷിക്കുന്ന തുക മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കും.
പദ്ധതിയുടെ തുടര്‍ച്ചയായി മൂന്നു കോടി രൂപ ചെലവില്‍ പണ്ഡിറ്റ് കറുപ്പന് റോഡിലെ പഴകിയ പൈപ്പുകള്‍ മാറ്റി മട്ടമ്മല്‍ ജംഗ്ഷന് മുതല്‍ പള്ളി വരെ 300 എംഎം പൈപ്പ് ഇടുന്ന ഒരു കോടി രൂപയുടെ പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഡിവിഷന് കൗണ്‍സിലര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, കൗണ്‍സിലര്‍മാരായ ഗ്രേസി ജോസഫ്, എലിസബത്ത് ടീച്ചര്‍, കെ.എക്സ് ഫ്രാന്‍സിസ്, ജോണ്സണ് മാസ്റ്റര്‍, വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ കെ.കെ. അനില്‍കുമാര്‍, സി.കെ ഗോപാലന്, പി.ആര് റെനീഷ്, ഗ്രേസി ആന്റണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."