ബഥേല്‍ സുലോക്കൊ യാക്കോബായ പള്ളി തര്‍ക്കം; കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
കൊച്ചി: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കൊ യാക്കോബായ പള്ളിയിലെ യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം പരിഹരിക്കാന്‍ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച തീരുമാനമാനമാകാതെ പിരിഞ്ഞു.
അയ്യായിരത്തില്‍പരം യാക്കോബായ ഇടവകക്കാരുള്ള പെരുമ്പാവൂര്‍ പള്ളിയില്‍ സമാധാനമായി ആരാധന നടത്താന്‍ വിശ്വാസികള്‍ക്ക് അവസരം ലഭിക്കണമെന്നു ജില്ലാ ഭരണകൂടത്തോടു യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, കോടതി വിധി തങ്ങള്‍ക്കനുകൂലമായ സാഹചര്യത്തില്‍ പള്ളിക്കാര്യത്തില്‍ പൂര്‍ണ അവകാശം തങ്ങള്‍ക്കാണെന്ന നിലപാടില്‍ ഉറച്ചു നിന്ന ഓര്‍ത്തഡോക്‌സ് വിഭാഗം യാക്കോബായ സഭക്കു അനുകൂലമായ തീരുമാനങ്ങള്‍ പാടില്ലെന്നും പള്ളി പൂട്ടണമെന്നും ആവശ്യപ്പെട്ടു ചര്‍ച്ച അവസാനിപ്പിച്ചു പിരിയുകയായിരുന്നു. തര്‍ക്കം നടക്കുന്ന പള്ളിയില്‍ ഇരുവിഭാഗം വിശ്വാസികളില്‍ 15 പേരില്‍ കൂടുതല്‍ കൂടിയിരിക്കരുതെന്ന എ.ഡി.എമ്മിന്റെ നിര്‍ദേശം തങ്ങള്‍ പാലിച്ചതായി യാക്കോബായ വിഭാഗം പറഞ്ഞു. അതേസമയം പള്ളിയിലുള്ള ഓര്‍ത്തഡോക്‌സുകാരൊന്നും ഇടവകക്കാരല്ലെന്നും കോട്ടയത്തുനിന്നും മറ്റും ബസുകളില്‍ ആളെ എത്തിച്ചു സമാധാന അന്തരീക്ഷം തകര്‍ക്കാനാണു ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാല്‍ പള്ളിയില്‍ 90 ശതമാനവും യാക്കോബായ വിശ്വാസികളാണെന്നും പള്ളിപൂട്ടിയാല്‍ 5000 ത്തോളം വിശ്വാസികള്‍ക്കു വലിയനോമ്പുകാലത്ത് പുറത്തുനില്‍ക്കേണ്ടിവരുമെന്നും അവരുടെ ദുരവസ്ഥ കലക്ടര്‍ കാണാതെ പോകരുതെന്നും യാക്കോബായ സഭയെ പ്രതിനിധികരിച്ച സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ. ഏലിയാസ് ബോധിപ്പിച്ചു. കോതമംഗലത്തും പിറവത്തും ഇതേ ആവശ്യം ഓര്‍ത്തഡോക്‌സ് വിഭാഗം ഉന്നയിച്ചെങ്കിലും പൊലിസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാടും ഹൈക്കോടതി വിധിയും.
പള്ളിപൂട്ടണമെന്നു ഹൈക്കോടതി പറഞ്ഞിട്ടില്ല. അവിടെ ആരാധന നടക്കണം. ഓര്‍ത്തഡോക്‌സ് വൈദികനുവേണ്ടിയല്ല, തങ്ങള്‍ക്കു ആരാധിക്കാനാണ് ഇടവകക്കാര്‍ പണം മുടക്കി പള്ളികള്‍ നിര്‍മിച്ചിട്ടുള്ളത്.
പള്ളികള്‍ പൂട്ടിക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ലക്ഷ്യമെന്നു അവര്‍ തന്നെ കലക്ടറെ അറിയിച്ചുകഴിഞ്ഞു. അതിനായി ഇന്നലെ നാലുബസിലാണു ഓര്‍ത്തഡോക്‌സുകാര്‍ പെരുമ്പാവൂരിലെത്തിയത്. പെരുമ്പാവൂരില്‍ ഓര്‍ത്തഡോക്‌സ് സഭക്കു വേറെ പള്ളിയുണ്ട്. തങ്ങള്‍ക്കില്ല. ഇടവകക്കര്‍ അല്ലാത്തവരെ പള്ളികോമ്പൗണ്ടില്‍ നിന്നും പുറത്താക്കണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധി മറികടന്ന് ഒരു തീരുമാനം എടുക്കുന്ന കാര്യത്തില്‍ പരിമിതികളുണ്ടെന്നു കലക്ടര്‍ പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധി പരിഗണിക്കുമ്പോള്‍ യാക്കോബായ വിഭാഗത്തിലെ അയ്യായിരം പേരുടെ വിശ്വാസ സംരക്ഷണത്തിനും പ്രസക്തിയുണ്ട്. തെരഞ്ഞെടുപ്പു കാലത്തു സംഘര്‍ഷത്തിനു ശ്രമിക്കാതെ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള സാധ്യതയാണു ജില്ലാ ഭരണകൂടം സ്വീകരിക്കുകയെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."