കരിമണല്‍ ഖനനം; ഇടതു മുന്നണിയിലും ഭിന്നിപ്പ്
ആലപ്പുഴ: തോട്ടപ്പള്ളിയിലെ വിവാദ കരിമണല്‍ ഖനന വിഷയത്തില്‍ സി.പി.ഐ നേതൃത്വം സമരം ശക്തമാക്കിയത് സംസ്ഥാന സര്‍ക്കാരിന് തലവേദനയാകുന്നു. ഇതോടൊപ്പം ആലപ്പുഴയിലെ സി.പി.എം, സി.പി.ഐ ബന്ധവും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് ഇടതുമുന്നണിയിലും അസ്വാരസ്യങ്ങളുണ്ടാക്കുന്നു.
തോട്ടപ്പള്ളി പൊഴി വീതികൂട്ടാനായി ഇവിടെ നിന്നെടുക്കുന്ന നൂറുകണക്കിന് ലോഡ് മണല്‍ ദിനംപ്രതി പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലിലേക്ക് കൊണ്ടുപോകുന്നത് തുടരുകയാണ്. പ്രദേശത്ത് ആദ്യമായി കരിമണല്‍ ഖനനത്തിനെതിരേ രംഗത്തുവന്നത് യു.ഡി.എഫ് ഭരിക്കുന്ന പുറക്കാട് ഗ്രാമപഞ്ചായത്തും കോണ്‍ഗ്രസ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളുമായിരുന്നു. ഇതിനിടെ പൊഴിമുഖത്തെ മണല്‍ നീക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സര്‍ക്കാര്‍ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സ്‌റ്റോപ് മെമ്മോ നല്‍കിയ പുറക്കാട് പഞ്ചായത്ത് സെക്രട്ടറി എസ്. ബീനയെയാണ് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.
കെ.എം.എം.എല്‍, ജലവിഭവ വകുപ്പ്, ഐ.ആര്‍.ഇ എന്നിവര്‍ക്കാണ് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. കരിമണല്‍ ഖനനത്തോടൊപ്പം റിലേ സത്യഗ്രഹവും ജനകീയ സമരവും ശക്തമായതോടെ സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസിന്റെ നേതൃത്വത്തിലുള്ള ഇടത് അനുഭാവ സംഘടനകളും രംഗത്തിറങ്ങി.
നിലവില്‍ ഒട്ടേറെ യു.ഡി.എഫ് അനുകൂല കൂട്ടായ്മകള്‍ക്കൊപ്പം സി.പി.ഐയും പ്രത്യക്ഷ സമരത്തിനിറങ്ങിയത് സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
വിഷയത്തില്‍ സി.പി.എം - സി.പി.ഐ നേതാക്കള്‍ തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷമായ വാക്‌പോരും തുടരുകയാണ്. കുട്ടനാടിന്റെ പ്രളയരക്ഷാ നടപടികളുടെ ഭാഗമായാണ് തോട്ടപ്പള്ളി പൊഴിയുടെ വീതികൂട്ടാനായി മണല്‍ മാറ്റുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കുട്ടനാട്ടിലെ പ്രളയജലം കടലിലേക്ക് ഒഴുക്കാനുള്ള ശ്രമങ്ങളാണ് പ്രതിഷേധക്കാര്‍ തടയുന്നതെന്ന് ജലസേചന വകുപ്പ് പറയുന്നത്. കൂടാതെ ഈ പ്രതിസന്ധി കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വരുമാന മാര്‍ഗമായി കൂടി കരിമണലിനെ കാണുന്നു. പൊതുമേഖലയിലേക്ക് കരിമണല്‍ കൊണ്ടുപോകുന്നത് തെറ്റല്ലെന്ന് സി.പി.എം നേതൃത്വത്തിന്റെയും നിലപാട്. എന്നാല്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഒരു തരത്തിലുമുള്ള ഖനനവും വേണ്ടെന്നും ഇത് കടുത്ത പരിസ്ഥിതി ആഘാതം ഉണ്ടാക്കുമെന്നുമുള്ള ഉറച്ച നിലപാടില്‍ ആണ് സി.പി.ഐ നേതൃത്വം. പരിസ്ഥിതി പഠനം നടത്താതെയും തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താതെയും ഖനനം നടത്തുന്നത് മൂലം തോട്ടപ്പള്ളി മറ്റൊരു ആലപ്പാടായി മാറുമെന്നാണ് സി.പി.ഐ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. തോട്ടപ്പള്ളി സ്പില്‍വേ പൊഴിയില്‍നിന്ന് കരിമണലെടുത്ത് കൊണ്ടുപോകുന്നതിന് എതിരേ സമരസമിതി കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, കെ.എം.എം.എല്‍, ജലവിഭവ വകുപ്പ് എന്നിവരെ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്. സമരത്തിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രതിപക്ഷവുമായുള്ള സി.പി.ഐയുടെ സഹകരണം സി.പി.എം നേതൃത്വത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് തുടക്കമിട്ട പ്രദേശത്തെ പ്രതിഷേധങ്ങള്‍ക്ക് എണ്ണ പകരുന്നത് സി.പി.ഐ ആണെന്നാണ് സി.പി.എം നേതൃത്വം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."