ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്. 50 വയസിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് ആചാരപരമായ വിലക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തിന് വൈകിട്ട് സന്നിധാനത്ത് നടന്ന പടിപൂജയില്‍ മൂന്ന് സ്ത്രീകള്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തായത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയും ശബരിമല സന്നിധാനത്തെ സ്ഥിരം സാന്നിധ്യവുമായ ആളാണ് ഈ യുവതികള്‍ക്ക് ദര്‍ശനത്തിനുള്ള വി.ഐ.പി സൗകര്യം ചെയ്ത് കൊടുത്തതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. രണ്ട് ദിവസം സന്നിധാനം ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നതിനുള്ള ക്രമീകരണവും ഈ വ്യവസായി ചെയ്തുകൊടുത്തു എന്നാണ് പരാതി. ചിത്രങ്ങള്‍ പ്രചരിക്കുന്നത് അറിഞ്ഞ് ഒരാളാണ് മന്ത്രിക്ക് പരാതി നല്‍കിയത്. അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കുന്നത് സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."