പ്രവാസി മടക്കം: കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർത്തിയ എയർ ഇന്ത്യ നടപടിക്കെതിരെ വ്യാപക പ്രതിഷേധം, നോർക്ക ചാർട്ടേഡ് വിമാനം ഒരുക്കണമെന്നും ആവശ്യം
റിയാദ്: സഊദിയിൽ നിന്നുള്ള വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ നടപടിക്കെതിരെ പ്രതിനിഷേധം വ്യാപകമാകുന്നു. ഈ മാസം പത്ത് മുതല്‍ ആരംഭിക്കുന്ന കേരളത്തിലേക്കുള്ള സര്‍വീസുകളുടെ നിരക്കാണ് എയർ ഇന്ത്യ ഒറ്റയടിക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ ഇരട്ടിയായി വര്‍ധിപ്പിച്ചത്. നിലവിലെ അവസ്ഥയിൽ ദുരിതത്തിലായ പ്രവാസികളുടെ മേൽ കൂടുതൽ കടുത്ത ഭാരമേൽപ്പിച്ചാണ് കണ്ണിൽ ചോരയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാരും എയർ ഇന്ത്യയും രംഗത്തെത്തിയത്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ (ഏകദേശം 18760 രൂപ) ഈടാക്കിയ ദമാംകൊച്ചി സര്‍വീസിന് ഇപ്പോള്‍ 1703 റിയാല്‍ (33635 രൂപയാണ്) ഈടാക്കുന്നത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും സമാന രീതിയിലാണ് ഉയര്‍ത്തിയിരിക്കുന്നത്. ആശ്വാസമാകേണ്ട എയർ ഇന്ത്യ ദുരിതക്കടൽ തീർക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിശേഷം പുകയുകയാണ്.
ജോലിയും ശമ്പളവുമില്ലാതെ മാസങ്ങളായി നാടണയാന്‍ കാത്തിരുന്ന പ്രവാസികള്‍ എങ്ങനെ നാടണയാൻ കഴിയുമെന്ന ആശങ്കയിലാണ്. എങ്ങനെയെങ്കിലും ഇവിടെ തന്നെ കടിച്ചു തൂങ്ങി നിൽക്കട്ടെ, നാട്ടിലേക്ക് വരേണ്ടയെന്ന കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ നടപടിയാണ് ഇതിന് പിന്നിലെന്ന് പ്രവാസികൾ ആരോപിക്കുന്നു. പലര്‍ക്കും എംബസിയില്‍ നിന്നും വിളി വന്നപ്പോള്‍ പറഞ്ഞ നിരക്കല്ല എയര്‍ ഇന്ത്യാ അധികൃതര്‍ ഈടാക്കുന്നതെന്നും കൂടിയ നിരക്ക് ഈടാക്കി റെസീപ്പ്റ്റ് നല്‍കുന്നില്ലെന്ന പരാതിയും വ്യാപകമായിട്ടുണ്ട്. സംഭവത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും പാവപ്പെട്ട പ്രവാസികളുടെ മേൽ കുതിര കയറുന്ന എയർ ഇന്ത്യയെ നിലക്ക് നിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൃത്യമായി രംഗത്തിറങ്ങണമെന്നും പകൽകൊള്ള അവസാനിപ്പിക്കണമെന്നും വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. അതേസയമം, കേരള സർക്കാരിന്റെ കീഴിലുള്ള നോർക്കയുടെ മേൽനോട്ടത്തിലാണ് ചാർട്ടേഡ് വിമാനങ്ങൾ ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഒരു ചർച്ചയും മുന്നറിയിപ്പും കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കങ്ങൾ പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നും എയർ ഇന്ത്യയും ഇൻസ്റ്റിറ്റ്യുഷൻ കൊറന്റൈൻ നിർത്തലാക്കികൊണ്ട് സംസഥാന സർക്കാറും പ്രവാസികളോട് അനീതി ചെയ്യുന്നുവെന്ന് ഒഐസിസി സഊദി നാഷണൽ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസക്കാലമായി പ്രവാസിസമൂഹത്തിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളുടെയും ആളുകളുടെയും പ്രവർത്തനങ്ങളെ നിഷ്ഫലമാക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന സർക്കാർ തീരുമാനങ്ങൾ. ഇത്തരത്തിലുള്ള ക്രൂരതകൾക്കെതിരെ പ്രവാസിസമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തണമെന്നും ഒഐസിസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പിഎം നജീബ് ആവശ്യപ്പെട്ടു.
വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് ഒറ്റയടിയ്ക്ക് ഇരട്ടിയോളം വർദ്ധിപ്പിച്ച എയർ ഇന്ത്യയുടെ നടപടിയിൽ നവയുഗം സാംസ്ക്കാരികവേദി ശക്തമായി പ്രതിഷേധിച്ചു. കൊറോണ കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന പ്രവാസികളെ കൂടുതൽ ദ്രോഹിയ്ക്കുന്ന നടപടിയാണിതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മറ്റു വിദേശരാജ്യങ്ങളൊക്കെ പ്രത്യേക വിമാനങ്ങൾ അയച്ചു തങ്ങളുടെ പൗരന്മാരെ സൗജന്യമായി നാട്ടിലെത്തിച്ചപ്പോൾ, "വന്ദേഭാരത്" എന്ന പേരുമിട്ടു പ്രവാസികളെ പകൽകൊള്ള നടത്തുന്ന നാണംകെട്ട നയമാണ് ഭാരതസർക്കാർ സ്വീകരിച്ചിരിയ്ക്കുന്നത് എന്ന് കാണുന്നത് ഖേദകരമാണ്. ഇതിനെതിരെ പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രിയ്ക്കും, വ്യോമയാനവകുപ്പ് അധികൃതർക്കും, പരാതി നൽകുമെന്നും, മറ്റു പ്രവാസി സംഘടനകളോട് യോജിച്ചു ശക്തമായ സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പ്രതിസന്ധിൽ ദുരിതത്തിലായ ഇന്ത്യൻ പ്രവാസികളുടെ മേൽ വന്ദേഭാരത് മിഷൻറെ ഭാഗമായി വിമാന നിരക്കിൽ ഏർപ്പെടുത്തിയ ഭീമമായ വർധനവ് തീവെട്ടിക്കൊള്ളയാണെന്ന് കെഎംസിസി അൽഖോബാർ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജോലി നഷ്ടവും രോഗങ്ങളും സഹപ്രവർത്തകരുടെ കൊവിഡു മൂലമുള്ള വേർപാട് കൊണ്ടുള്ള മാനസിക സംഘർഷങ്ങൾ അടക്കമുള്ള പ്രായസങ്ങൾ നേരിടുന്ന അവസ്ഥയിലാണ് സ്വന്തം രാജ്യത്തിൻറെ ഭാഗത്ത് നിന്നും കൊള്ള നടക്കുന്നത്. ഇത്തരം പ്രവാസി വിരുദ്ധ നിലപാടിൽ നിന്ന് കേന്ദ്ര സർക്കാരും പ്രവാസികൾക്ക് സംരക്ഷണം നൽകാൻ ബാധ്യതയുള്ള ഇന്ത്യൻ എംബസിയും പിന്തിരിയണമെന്നും കെഎംസിസിസി ആവശ്യപ്പെട്ടു. അത്യാവശ്യമായി യാത്ര നാട്ടിലേക്ക് യാത്ര പോകേണ്ട പ്രവാസികൾക്ക് യാത്ര അസാധ്യമായതിനാൽ പരിഹാരം കാണാൻ കേരള ഗവൺമെൻറ് കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്തുകയും നിരവധി മലയാളികൾ യാത്ര ചെയ്യാതെ കുരുങ്ങി കിടക്കുന്നതിനാൽ അവരെ നാട്ടിലെത്തിക്കാൻ നോർക്ക അടക്കം ചാർട്ടേഡ് ഫ്ലൈറ്റുകൾ ഉടൻ ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം പ്രവാസി വിരുദ്ധ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്കെതിരെ നാട്ടിലുള്ള കുടുംബങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടപ്പിക്കുമെന്നും കെഎംസിസി അൽകോബാർ സെൻട്രൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."