ഭവന നിര്‍മാണ രംഗത്തേക്ക് കുടുംബശ്രീ വനിതകളും
കാക്കനാട്: പാചക വിപണന രംഗങ്ങളെല്ലാം കടന്ന് കുടുംബശ്രീ വനിതകളുടെ കൈവഴക്കം ഭവന നിര്‍മാണ മേഖലയിലുമെത്തിയിരിക്കുകയാണ്. സിമന്റും മണലും യോജിപ്പിക്കാനും ഇഷ്ടിക ചുമക്കാനും മാത്രമല്ല ഓരോ വീടുംമൊത്തമായിത്തന്നെ പടുത്തുയര്‍ത്താന്‍ തക്കവിധത്തില്‍ ഇവര്‍ പ്രാപ്തരായിക്കഴിഞ്ഞു. അങ്കമാലി ബ്ലോക്കിലെ മഞ്ഞപ്ര, വൈപ്പിനിലെ നായരമ്പലം, മുളന്തുരുത്തിയിലെ ആമ്പല്ലൂര്‍, പള്ളുരുത്തിയിലെ കുമ്പളങ്ങി, കോതമംഗലത്തെ വാരപ്പെട്ടി എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ വീടുകളുയരുകയാണ്. മഞ്ഞപ്രയിലെ നിര്‍മാണം ലിന്റല്‍ പൂര്‍ത്തീകരണത്തിലെത്തി വീടിന്റെ കരാര്‍ ജോലി മുതല്‍ പൂര്‍ണമായും പണി തീര്‍ത്ത് വേണമെങ്കില്‍ പെയിന്റുമടിച്ച് ഉടമസ്ഥന് കൈയില്‍ താക്കോല്‍ നല്‍കാന്‍ പാകത്തില്‍ ഇവരെ വാര്‍ത്തെടുക്കുന്നത് കുടുംബശ്രീയാണ്. നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കാന്‍ താല്‍പര്യമുള്ള വനിതകളെ ചേര്‍ത്തുണ്ടാക്കുന്ന ഗ്രൂപ്പുകള്‍ക്ക് 45 ദിവസത്തെ നൈപുണി പരിശീലനം നല്‍കും. കുടുംബശ്രീ അംഗങ്ങളെയോ കുടുംബാംഗങ്ങളെയോ ഉള്‍പ്പെടുത്തി ഓരോ ബ്ലോക്കിനു കീഴിലും രണ്ട് യൂനിറ്റുകള്‍ രൂപീകരിക്കും.
കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഏക്‌സാഥ് (ആലപ്പുഴ, എറണാകുളം), രാജഗിരി, എസ്.ബി ഗ്ലോബല്‍ തുടങ്ങിയ സ്‌കില്‍ ട്രെയിനിങ് ഏജന്‍സികളാണ് ഈ ഗ്രൂപ്പംഗങ്ങള്‍ക്ക് പരിശീലനം നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ അനുവദിക്കുന്ന വീടുകളുടെ നിര്‍മാണത്തില്‍ ഇവരെ നേരിട്ട് ഉള്‍പ്പെടുത്തും. ഇതുവഴി ഇവര്‍ക്ക് തൊഴില്‍ പഠിക്കാനും ഉടമസ്ഥന് പണിക്കൂലി നല്‍കാതെ വീടുപണി പൂര്‍ത്തിയായിക്കിട്ടാനും ഒരേ വേദിയില്‍ അവസരമൊരുങ്ങും. ജില്ലയില്‍ 14 ബ്ലോക്കുകളിലും ഗ്രൂപ്പുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ഓരോ ഗ്രൂപ്പിലും 10 മുതല്‍ 20 അംഗങ്ങള്‍ വരെയുണ്ട്.
പരിശീലനമാണെങ്കിലും ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. നിര്‍മാണത്തിന്റെ ഓരോ ഘട്ടവും ഏജന്‍സി സൂക്ഷ്മമായി വിലയിരുത്തും. പണിക്കൂലിക്കായി നീക്കിവെക്കേണ്ട പണം വീടിന്റെ മിനുക്കുപണികള്‍ക്കു പയോഗിക്കാന്‍ ഇതിലൂടെ സാധിക്കും. നിര്‍മാണഗ്രൂപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ കുടുംബശ്രീയ്ക്ക് ഒരു സൂത്രവാക്യമുണ്ട്. ഒരു വീടിന്റെ നിര്‍മാണത്തില്‍ പങ്കാളികളായ അതേ ടീമിനെ അടുത്ത വീടുപണിക്ക് നിയോഗിക്കില്ല. ഗ്രൂപ്പംഗങ്ങളെ പരസ്പരം ഇടകലര്‍ത്തും. വിവിധ പഞ്ചായത്തുകളിലുള്ള വരെ ചേര്‍ത്താണ് ഒരു ഗ്രൂപ്പുണ്ടാക്കുക.
കുടുംബശ്രീയുടെ മൈക്രോ എന്റര്‍്രൈപ സസ് പരിശീലന ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തുക. ഒരു വീടു പണി പൂര്‍ത്തിയാക്കിയ ഗ്രൂപ്പംഗങ്ങളെ മിനി കോണ്‍ട്രാക്ടര്‍മാരായി പരിഗണിക്കും. അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ക്കിടയിലോ അവരുടെ ബന്ധുക്കളിലോ നാട്ടുകാരിലോ സിവില്‍ എന്‍ജിനീയറിങ്, ബി ടെക്, ഡിപ്ലോമ തുടങ്ങിയവ പൂര്‍ത്തിയാക്കിയ വനിതകളുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ശാക്തീകരിക്കും. വീടു നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പഞ്ചായത്തില്‍ നിന്നും ബില്‍ഡിങ് പെര്‍മിറ്റ് നേടുന്നതില്‍ തുടങ്ങി പ്ലാന്‍ വരക്കല്‍, അംഗീകാരം നേടല്‍, വീടു പണി കഴിഞ്ഞ് നമ്പര്‍ നേടുന്നതുവരെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അംഗങ്ങളെ പ്രാപ്തരാക്കും.
നിര്‍മാണ ഗ്രൂപ്പുകള്‍ക്ക് ദൂരപരിധിയും സൗകര്യവുമനുസരിച്ച് ഏതു വീട് തെരഞ്ഞെടുക്കാനും അനുവാദമുണ്ട്. ഏറ്റെടുത്ത വീട് അതേ ഗ്രൂപ്പു തന്നെ പൂര്‍ത്തിയാക്കിയിരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നിര്‍മാണ ജോലികള്‍ ഏറ്റെടുക്കാന്‍ ഗ്രൂപ്പുകളെ പ്രാപ്തരാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഗീവര്‍ഗ്ഗീസ്, അസി. കോര്‍ഡിനേറ്റര്‍ റജീന ടി.എം, ഡിസ്ട്രിക്ട് പ്രോ ഗ്രാം മാനേജര്‍ മഞ്ജിഷ് വി.എം എന്നിവര്‍ പദ്ധതിക്ക് ജില്ലയില്‍ നേതൃത്വം നല്‍കിവരുന്നു.
ട്രൈബല്‍ സെറ്റില്‍മെന്റ് ഡെവലപ്‌മെന്റ് മിഷനില്‍ (ടി.ആര്‍.ഡി.എം)എടയക്കാട്ടു വയലിലെ കോളനിയില്‍ ഇവര്‍ 38 വീടുകള്‍ മുമ്പ് പൂര്‍ത്തീകരിച്ചിരുന്നു. വെള്ളമെത്തിക്കാനും മറ്റും വളരെ ബുദ്ധിമുട്ടുള്ള ഈ കുന്നില്‍ പണിയെടുക്കാന്‍ കരാറുകാര്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. കൂടാതെ അങ്കമാലി ബ്ലോക്കിലെ മൂര്‍ക്കന്നൂരില്‍ ആശ്രയ ഫാമിലിക്കായി ഇതേ ഗ്രൂപ്പ് മൂന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇവര്‍ നിര്‍മിച്ച വീടുകള്‍ കണ്ട് ഗുണമേന്മ ഉറപ്പു വരുത്തി പഞ്ചായത്തുകളും ലൈഫ് ഗുണഭോക്താക്കളും നിര്‍മാണ ജോലിക്കായി സമീപിക്കുമെന്ന പ്രതീക്ഷയില്‍ ഓരോ ഗ്രൂപ്പുകളും വീടു നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ജോലികളില്‍ മുഴുകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."