ബസ് ജീവനക്കാരും ഒട്ടോ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം
നെടുങ്കണ്ടം: സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബസ് ജീവനക്കാരെ സമാന്തര ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മര്‍ദിച്ചതായി ആരോപിച്ച് ഇന്ന് നെടുങ്കണ്ടം - അടിമാലി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും.
ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെ നെടുങ്കണ്ടത്തിനുസമീപം പൊത്തക്കള്ളിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. അടിമാലിയില്‍നിന്നും നെടുങ്കണ്ടത്തേക്ക് വരികയായിരുന്ന ശബരി ബസിലെ ജീവനക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേത്തുടര്‍ന്ന് നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ 25-ഓളംവരുന്ന സംഘം ബസില്‍ കയറി തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പൊത്തക്കള്ളിയില്‍ ബസ് ജീവനക്കാര്‍ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നെന്നും ഓട്ടോഡ്രൈവര്‍മാരും ആരോപിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കൊന്നത്തടി പുളിക്കുന്നില്‍ ജിബിന്‍(30), കണ്ടക്ടര്‍ മുനിയറ ആശാരുകുടിയില്‍ സുധിന്‍(24), ഓട്ടോ ഡ്രൈവര്‍ പൊത്തക്കള്ളി തേനംമാക്കല്‍ ഷാമോന്(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസ് സ്റ്റാന്‍ഡില്‍ ശബരി ബസ് സര്‍വീസ് അവസാനിപ്പിക്കുന്നതിനിടെ 25-ലധികം വരുന്ന ആളുകള്‍ മാരകായുധങ്ങളുമായി ബസിലേക്ക് ഇരച്ചു കയറി ജീവനക്കാരെ മര്‍ദിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നെന്നാണ് ആരോപണം. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ബസിലുണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. പലരും ഭയന്ന് നിലവിളിച്ചതായി ജീവനക്കാര്‍ പറയുന്നു. നെടുങ്കണ്ടം - അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് സമാന്തര സര്‍വീസുകള്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ബസ് ഓണേഴ്സ് അസോസിയേഷന് ആരോപിച്ചു.
എന്നാല്‍ സംഭവത്തെകുറിച്ച് ഓട്ടോ ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ: കഴിഞ്ഞദിവസം പൊത്തക്കള്ളിയില്‍ മരംവീണ് തൊഴിലാളി മരിച്ച സംഭവത്തില്‍ വീട്ടിലെത്തിയ ചിലര്‍ അടിയന്തരമായി നെടുങ്കണ്ടത്തേക്കു പോകുവാനായി ഓട്ടോയില്‍ കയറിയതാണ്. നാലുപേര്‍ മാത്രമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. പൊത്തക്കള്ളിക്കു സമീപം ശബരി ബസിലെ ജീവനക്കാര്‍ ബസുപയോഗിച്ച് വഴി വിലങ്ങിയശേഷം തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലാണ് ഇയാള്‍ ഓട്ടോ ഓടിക്കുന്നത്. മേഖലയില്‍ സമാന്തര സര്‍വീസുകള്‍ ഇല്ലെന്നും ആളുകള്‍ ഓട്ടം വിളിച്ചാല്‍പോലും സമാന്തര സര്‍വീസാണെന്ന് ആരോപിച്ച് ബസ് ജീവനക്കാര്‍ അസഭ്യവര്‍ഷം ചൊരിയുന്നത് പതിവാണെന്നും ബസ് ജീവനക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും ഓട്ടോ ഡ്രൈവര്‍മാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."