വിജിലന്‍സിനെ കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് ജേക്കബ് പുന്നൂസ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് അന്വേഷണങ്ങള്‍ പ്രഹസനങ്ങളാണെന്ന് മുന്‍ ഡി.ജി.പിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് പുന്നൂസ്. വിജിലന്‍സ് അന്വേഷണം അഴിമതിക്കാരനായ ആനയെ ഉറുമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതു പോലെയാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ ഫണ്ടും ഉദ്യോഗസ്ഥരെയും ലഭ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ദേശീയ വിവരാവകാശ കൂട്ടായ്മ ഗാന്ധിഭവനില്‍ സംഘടിപ്പിച്ച അഴിമതിരഹിത കേരളം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി മണല്‍വാരുന്നതു കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്ന പൊതുജനങ്ങളുടെ നിലപാട് അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. സാമൂഹിക ഇടപെടലിലൂടെ മാത്രമേ അഴിമതി അവസാനിപ്പിക്കാനാകുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പണം ദുര്‍വ്യയം ചെയ്യുന്നത് മാത്രമല്ല അഴിമതിയെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത ദേശീയ വിവരാവകാശ പ്രവര്‍ത്തക അരുണാ റോയി അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണെന്ന് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് പറഞ്ഞു.
തങ്ങളുടെ ജോലിയെ വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്ക് അവകാശമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിച്ചുപോരുന്നതെന്ന് മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം.പോള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."