മിന്നല്‍ മുരളി സെറ്റ് തകര്‍ത്ത സംഭവം: മുഖ്യ സൂത്രധാരന്‍ പിടിയില്‍
ആലുവ: മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. കേസില്‍ രണ്ടാം പ്രതിയായ കാലടി സ്വദേശി കൃഷ്ണദാസാണ് പിടിയിലായത്. പെരുമ്പാവൂരില്‍നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നിരവധി മോഷണകേസുകളില്‍ പ്രതിയാണ് കൃഷ്ണദാസെന്നാണ് വിവരം. എ.ടി.എം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ കൊരട്ടിയിലും മാരാകായുധങ്ങള്‍ കൈവശം വെച്ചതിന് കാലടി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും.മതസ്പര്‍ധ ഉണ്ടാക്കാനുള്ള ശ്രമം, എപ്പിഡമീസ് ഡിസീസ് ഓര്‍ഡിനന്‍സ്, സ്വത്ത് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."