കൊണ്ടോട്ടിയില്‍ യു.ഡി.എഫ് കുതിപ്പ്; ഭൂരിപക്ഷം 25,904
കൊണ്ടോട്ടി: മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് പടലപ്പിണക്കങ്ങള്‍ വോട്ടാക്കി മാറ്റാമെന്ന ഇടതുമുന്നണിയുടെ തന്ത്രത്തിന് കനത്ത തിരിച്ചടി നല്‍കി കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് വീണ്ടും കരുത്തറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ടി.വി ഇബ്രാഹീം നേടിയ 10,698 വോട്ടിന്റെ ഭൂരിപക്ഷമാണ് ലോകസഭ തെരഞ്ഞെടുപ്പില്‍ 25,904 ആയി കുത്തനെ ഉയര്‍ത്തി യു.ഡി.എഫ് വിജയക്കൊടി നാട്ടിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് 31,717 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.
കൊണ്ടോട്ടി നഗരസഭ, വാഴക്കാട്, മുതുവല്ലൂര്‍, ചീക്കോട്, വാഴയൂര്‍, ചെറുകാവ്, പുളിക്കല്‍ ഗ്രാമപഞ്ചായത്തുകളാണ് കൊണ്ടോട്ടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ വാഴയൂര്‍ ഇടതുമുന്നണിയും കൊണ്ടോട്ടി നഗരസഭ, വാഴക്കാട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്-സി.പി.എം കൂട്ടുമുന്നണിയുമാണ് ഭരണത്തിലുള്ളത്. മുസ്‌ലിം ലീഗിന് ഭൂരിപക്ഷമുളള ചെറുകാവിലും പുളിക്കലിലും അവസാനംനടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.ഡി.എഫിന്റെ ഐക്യത്തില്‍ ലോക സഭാതെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മുന്നണി വന്‍ കുതിപ്പ് നടത്തി.
കോണ്‍ഗ്രസ്-സി.പി.എം ഭരണത്തിലുളള കൊണ്ടോട്ടി നഗരസഭയില്‍ ഇത്തവണ 8,070 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് നേടിയത്. കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പില്‍ ഇത് 4,480 മാത്രമായിരുന്നു. വാഴക്കാട് പഞ്ചായത്തിലും സി.പി.എം-കോണ്‍ഗ്രസ് സംഖ്യമാണ് പഞ്ചായത്ത് ഭരിക്കുന്നതെങ്കിലും പ്രാദേശിക വിഷയം മറന്ന് യു.ഡി.എഫ് ഒറ്റക്കെട്ടായതോടെ 5,129 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി.
കഴിഞ്ഞ തവണ ഇത് 3336 ആയിരുന്നു. നിയമ സഭ തെരഞ്ഞെടുപ്പില്‍ 883 വോട്ടിന്റെ ഭൂരിപക്ഷം നേടിയ എല്‍.ഡി.എഫിന് ഇത്തവണ ചെറുകാവ് പഞ്ചായത്തിലും കാലടറി. 1414 വോട്ടിന്റെ ഭൂരിപക്ഷമാണ് ചെറുകാവില്‍ യു.ഡി.എഫ് നേടിയത്. പുളിക്കലില്‍ 531 വോട്ടിന്റെ ഭൂരിപക്ഷം 3847 ആയി ഉയര്‍ത്തി യു.ഡി.എഫ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ചീക്കോട് പഞ്ചായത്തില്‍ 6159 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് നേടിയത്.കഴിഞ്ഞ തവണ 3751 മാത്രമായിരുന്നു. മുതുവല്ലൂരില്‍ 2304ല്‍ നിന്ന് 3373ലേക്ക് യു.ഡി.എഫ് ഭൂരിപക്ഷം ഉയര്‍ത്തി.ഇടതുമുന്നണി ഭരണമുളള വാഴയൂരില്‍ കഴിഞ്ഞ തവണ ഇടതിനു ലഭിച്ച 2652 ഭൂരിപക്ഷം 2088 ആയി കുറയുകയാണ് ചെയ്തത്.ഇടതു മുന്നണിയിലെ പടലപ്പിണക്കങ്ങളാണ് വോട്ട് ചോര്‍ച്ചക്ക് കാരണമായത്.
അതേസമയം, മണ്ഡലത്തില്‍ ബി.ജെ.പിക്കും തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 12,531 വോട്ടു നേടിയ ബി.ജെ.പിക്ക് ഇത്തവണ 11,317 വോട്ടുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ 2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 10,960 വോട്ടുകള്‍ നേടാനായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കം രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."