ഇന്ധനത്തിന് ഏകീകൃത വില നടപ്പിലാക്കണമെന്ന ആവശ്യവുമായി പമ്പുടമകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് എല്ലായിടത്തും പെട്രോള്‍, ഡീസലിന് ഏകീകൃത വില നടപ്പിലാക്കണമെന്ന ആവശ്യവുമായി പമ്പുടമകള്‍ രംഗത്ത്. 'ഒരു രാജ്യം ഒരു വില' എന്ന വാക്യത്തോടെയാണ് പമ്പുടമകളുടെ അസോസിയേഷന്‍ വില ഏകീകൃത സംവിധാനത്തിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നത്.
ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ വില പാടില്ലെന്നും പുതിയ നീക്കം ഇന്ധന വില നിയന്ത്രണത്തിന് സഹായകരമാവുമെന്നും ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ പറഞ്ഞു.
സംസ്ഥാനങ്ങളുടെ വാറ്റ് നിരക്കാണ് ഇന്ധനത്തിന്റെ വ്യത്യസ്ത വിലയ്ക്ക് കാരണം. പെട്രോളിന് 60 പൈസ മുതല്‍ നാലു രൂപവരെയും ഡീസലിന് ഒരു രൂപ മുതല്‍ 7.50 രൂപ വരെയും വ്യത്യാസപ്പെടാന്‍ ഇതു കാരണമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിന് ഏറ്റവും കൂടുതല്‍ ടാക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്നത് തമിഴ്‌നാടാണ്. 35 ശതമാനത്തോളമാണ് ഇവിടെ വാറ്റ്. അതേസമയം, ഗോവയിലാണ് കുറവ് ടാക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അജയ് ബന്‍സാല്‍ പറഞ്ഞു. ഡീസലിന്റെ കാര്യത്തില്‍ ഹരിയാന കുറഞ്ഞ് വാറ്റ് ഈടാക്കുമ്പോള്‍ (20-24 ശതമാനം) രാജസ്ഥാനാണ് കൂടുതല്‍ ഈടാക്കുന്നത്.
ഏകീകൃത വില സംവിധാനത്തിനു വേണ്ടി സംസ്ഥാനങ്ങളുടെ പിന്തുണയ്ക്കുവേണ്ടി ശ്രമിക്കുകയാണ് ഇപ്പോള്‍ അസോസിയേഷന്‍. രാജ്യത്തെ 52,000 പമ്പുടമകളുടെ യോഗം ഇതിന്റെ ഭാഗമായി നടക്കും.
ഏകീകൃത വാറ്റ് ഏര്‍പ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ചെറിയ നിരക്കില്‍ പെട്രോള്‍, ഡീസല്‍ ലഭ്യമാവുമെന്നാണ് പമ്പുടമകളുടെ വാദം. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രതിസന്ധിയിലാവുന്ന പമ്പുകളുടെ പുനരുജ്ജീവനത്തിനും ഇതു കാരണമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."