മലയാളത്തിന്റെ ശ്രീ ഇന്ത്യയെ നയിക്കും
ന്യൂഡല്‍ഹി: ടീമിനെ മൊത്തത്തില്‍ പ്രചോദിപ്പിക്കാനും ഒന്നിച്ചു നിര്‍ത്താനുമുള്ള കഴിവാണ് താത്കാലിക നായക സ്ഥാനത്തു നിന്ന് മലയാളികളുടെ അഭിമാനമായ പി.ആര്‍ ശ്രീജേഷിനെ സ്ഥിരം നായകനാക്കി ഇപ്പോള്‍ ഉയര്‍ത്തിയത്. ദീര്‍ഘകാലമായി ഇന്ത്യയെ നയിച്ച സര്‍ദാര്‍ സിങിനു മധ്യനിരയില്‍ ഫോമില്ലാത്തത് ക്യാപ്റ്റന്‍ സ്ഥാനം തെറിക്കാനുള്ള പ്രധാന കാരണമായി. ഇതിനുപുറമേ ലൈംഗിക ആരോപണവും സര്‍ദാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു.
ടീമില്‍ സര്‍ദാര്‍ മടങ്ങിയെത്തുമ്പോള്‍ അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം തിരികെ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമ്മര്‍ദ്ദമേതുമില്ലാതെ ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ള താരത്തെ ക്യാപ്റ്റനാക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ശ്രീജേഷിനു നറുക്ക് വീണത്.
നേരത്തെ സര്‍ദാറിനു വിശ്രമമനുവദിച്ച് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സംഘത്തെ താത്കാലികമായി നയിച്ച ശ്രീജേഷ് ടീമിനെ ചരിത്രത്തിലാദ്യമായി വെള്ളി മെഡല്‍ നേട്ടത്തിലേക്ക് നയിച്ച് തന്റെ ഉള്ളിലെ നായക മികവിനു അടിവരയിട്ടിരുന്നു.
കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ജേതാക്കളായത് ശ്രീജേഷിന്റെ ഗോള്‍ കീപ്പിങ് മികവിലായിരുന്നു. ഫൈനലില്‍ പാകിസ്താന്റെ രണ്ട് പെനാല്‍റ്റികള്‍ അദ്ഭുതകരമായാണ് ശ്രീജേഷ് സേവ് ചെയ്തത്. 2004 ജൂനിയര്‍ ടീമില്‍ കളിച്ചു തുടങ്ങിയ ശ്രീജേഷ് 2006ലാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. കൊളംബോയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസിലായിരുന്നു ആദ്യ മത്സരം. എന്നാല്‍ ടീമില്‍ പകരക്കാരനായിരുന്നു ശ്രീജേഷ് പലപ്പോഴും. 2008ലെ ജൂനിയര്‍ ഏഷ്യാ കപ്പിലാണ് ശ്രീജേഷിന്റെ മികവ് കായിക ലോകം ശ്രദ്ധിക്കുന്നത്. മികച്ച സേവുകളായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
ടീമിലെ സീനിയര്‍ ഗോളിമാരായ അഡ്രിയാന്‍ ഡിസൂസയോടും ഭരത് ഛേത്രിയോടും മത്സരിച്ച് 2011 മുതലാണ് ശ്രീജേഷ് ടീമിന്റെ സ്ഥിരം ഗോള്‍ കീപ്പറാവുന്നത്. 2013ലെ ഏഷ്യാ കപ്പില്‍ ടീമിനു രണ്ടാം സ്ഥാനം നേടി കൊടുത്തത് ശ്രീജേഷിന്റെ മികവായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി തെരഞ്ഞെടുത്തതും ശ്രീജേഷിനെയായിരുന്നു. തുടര്‍ന്ന് 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, എന്നിവയിലും സ്ഥിരതയാര്‍ന്ന പ്രകടനം ടീമില്‍ ശ്രീജേഷിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇപ്പോള്‍ ഒളിംപിക്‌സില്‍ ടീമിനെ നയിക്കാന്‍ ലഭിച്ച അവസരം ശ്രീജേഷിന്റെ പ്രതിഭയ്ക്ക് ലഭിച്ച അംഗീകാരമാണ്.
ടീം: പി.ആര്‍ ശ്രീജേഷ്(ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍പാല്‍ സിങ്, കോതജിത്ത് സിങ്, സുരേന്ദര്‍ കുമാര്‍, മന്‍പ്രീത് സിങ്, സര്‍ദാര്‍ സിങ്, വി.ആര്‍ രഘുനാഥ്, എസ്.കെ ഉത്തപ്പ, ഡാനിഷ് മുജ്തബ, ദേവീന്ദര്‍ വാല്‍മീകി, എസ്.വി സുനില്‍, ആകാശ്ദീപ് സിങ്, ചിംഗല്‍സേന സിങ്, രമണ്‍ദീപ് സിങ്, നികിന്‍ തിമ്മയ്യ.
വനിതാ ടീമില്‍ റിതു റാണിയില്ല; സുശീല നയിക്കും
ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിനുള്ള വനിതാ ഹോക്കി ടീമിനെ സുശീല ചാനു നയിക്കും. വെറ്ററന്‍ താരം റിതു റാണിക്ക് പകരമാണ് സുശീല ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്.
നേരത്തെ ആസ്‌ത്രേലിയന്‍ പര്യടനത്തിലും റിതുവിന് പകരം ടീമിനെ നയിച്ചിരുന്നത് സുശീലയായിരുന്നു. 2013ല്‍ നടന്ന ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു വെങ്കലം നേടിക്കൊടുത്തത് സുശീല ചാനുവിന്റെ ക്യാപ്റ്റന്‍സി മികവായിരുന്നു.
അതേസമയം റിതുവിനെ ടീമില്‍ നിന്നു തഴയുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ബംഗളൂരുവില്‍ നടന്ന ദേശീയ ക്യാംപിനിടെ പാതി വഴിയില്‍ മടങ്ങിയതും അതോടൊപ്പം പെരുമാറ്റദൂഷ്യവും റിതുവിന്റെ പുറത്താകലില്‍ കലാശിക്കുകയായിരുന്നു. 36 വര്‍ഷത്തിനു ശേഷം ടീമിന് ആദ്യമായി ഒളിംപിക് യോഗ്യത സമ്മാനിച്ചത് റിതുവിന്റെ മികവായിരുന്നു. താരത്തിന്റെ അഭാവം ഒളിംപിക്‌സില്‍ ടീമിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
ടീം: സുശീല ചാനു( ക്യാപ്റ്റന്‍), സവിത(ഗോള്‍ കീപ്പര്‍), ദീപ് ഗ്രേസ് ഇക്ക, ദീപിക(വൈസ് ക്യാപ്റ്റന്‍) നമിത തോപോ, സുനിത ലാക്ര, നവജോത് കൗര്‍, മോണിക്ക, രേണുക യാദവ്, ലിലിമ മിന്‍സ്, അനുരാധ ദേവി, പൂനം റാണി, വന്ദന കത്താരിയ, റാണി രാംപാല്‍, പ്രീതി ദുബെ, നിക്കി പ്രധാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."