വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്കെതിരേ ഇസ്‌റാഈലില്‍ പ്രതിഷേധം
ടെല്‍അവീവ്: ഫലസ്തീന്‍ ഭൂമിയിലെ സയണിസ്റ്റ് അധിനിവേശത്തിനെതിരേ ഇസ്‌റാഈലില്‍ നിന്നു തന്നെ പ്രതിഷേധം. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജോര്‍ദാന്‍ താഴ്‌വരയും അനധികൃത പാര്‍പ്പിടകേന്ദ്രങ്ങളും കൂട്ടിച്ചേര്‍ക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്കെതിരേ ഇസ്‌റാഈലി നഗരമായ ടെല്‍അവീവില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിനു പേരാണ് പങ്കെടുത്തത്. ഫലസ്തീന്റെ കീഴിലുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് ഇസ്‌റാഈലുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാന്‍ ഇടയാക്കുമെന്ന് ഫലസ്തീന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇസ്‌റാഈലിലെ ഇടതുപക്ഷ സംഘടനകളും എന്‍.ജി.ഒകളും സംഘടിപ്പിച്ച റാലിയില്‍ മാസ്‌കണിഞ്ഞ് സാമൂഹികാകലം പാലിച്ചാണ് ആയിരങ്ങള്‍ അണിചേര്‍ന്നത്. ചിലര്‍ ഫലസ്തീന്‍ പതാക വീശുകയും ചെയ്തു. ഇസ്‌റാഈലികളില്‍ പകുതിപേരേ ഫലസ്തീന്‍ ഭൂമി കൂട്ടിച്ചേര്‍ക്കുന്നതിനെ അനുകൂലിക്കുന്നുള്ളൂവെന്ന് അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ തെളിഞ്ഞിരുന്നു. 1967ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം, ഗസ്സ മുനമ്പ് എന്നിവ ഉള്‍പ്പെടുന്ന സ്വതന്ത്ര രാജ്യമാണ് ഫലസ്തീന്‍ അതോറിറ്റി ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."