സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമെന്ന റിപ്പോര്‍ട്ടില്‍ സംശയം: രഘുറാം രാജന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴുശതമാനം ഉയര്‍ന്നുവെന്ന ധനകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. കൃത്യമായ വിവര ശേഖരണത്തിനായി സാമ്പത്തിക വിദഗ്ധരെ നിയോഗിച്ചെങ്കില്‍ മാത്രമേ സാമ്പത്തിക വളര്‍ച്ചയ്ക്കു മുകളിലുള്ള അനിശ്ചിതത്വം മാറുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ സാമ്പത്തിക സഹായമെന്ന വാഗ്ദാനം നടപ്പാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരെ കണ്ടെത്തി പദ്ധതി നടപ്പാക്കണം എന്നുമാത്രം. രാജ്യത്ത് ഏറ്റവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരെ കണ്ടെത്തുകയും വേണമെന്നും രഘുറാം രാജന്‍ പറഞ്ഞു.
രാജ്യത്തെ ദരിദ്രരായവരുടെ കണക്ക് ഇപ്പോള്‍ ലഭ്യമല്ല. അതിന്റെ കണക്കുകള്‍ എടുക്കുന്നത് ചിലപ്പോള്‍ വിവാദത്തിന് ഇടയാക്കിയേക്കും.
താന്‍ ധനകാര്യമന്ത്രിയായിരുന്നെങ്കില്‍ ഭൂമി തട്ടിപ്പ്, ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ തിരിച്ചെടുക്കല്‍, കാര്‍ഷിക മേഖലയുടെ നവീകരണം എന്നിവക്ക് പ്രാമുഖ്യം നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വകാല നടപടികളിലൂടെ നിരവധി പദ്ധതികളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയണം. വായ്പയില്‍ വലിയ വളര്‍ച്ചയുണ്ടാകണമെങ്കില്‍ ബാങ്കുകളിലെ കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ നടപടി വേണം.
രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഉതകുന്ന രീതിയിലുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറുണ്ടോയെന്നതില്‍ ഉത്കണ്ഠാകുലനാണെന്നും രഘുറാം രാജന്‍ പറഞ്ഞു. നല്ല തൊഴിലിന്റെ കുറവ് രാജ്യത്ത് പ്രകടമാണ്. നോട്ടുനിരോധനത്തിലേക്കും അതിന്റെ ഗുണഫലങ്ങളിലേക്കും തിരിഞ്ഞുനോക്കേണ്ട സമയം ഇതിനകം തന്നെ അതിക്രമിച്ചിരിക്കുന്നു.
നോട്ട് നിരോധനത്തില്‍ നിന്ന് എന്താണ് പഠിച്ചതെന്നും ചോദിക്കേണ്ടതുണ്ട്. നോട്ടുനിരോധനം ഉപയോഗപ്രദമായിരുന്നോ അതോ അല്ലയോ? എന്താണ് അതിന്റെ ഗുണവും ദോഷവും. നല്ല ഭരണത്തിനും സാമര്‍ഥ്യത്തിനുമായി എല്ലാ സര്‍ക്കാരുകളും സ്വയം വിലയിരുത്തല്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."